തുടക്കത്തിലെ ഗോളിന് ഒടുക്കം തിരിച്ചടി; അല് ഹിലാലിനെതിരെ വിജയം കൈവിട്ട് അല് നസര്

അല് ഹിലാലിനെതിരെ ഉറപ്പിച്ച വിജയമാണ് അല് നസര് കൈവിട്ടുകളഞ്ഞത്

റിയാദ്: സൗദി പ്രോ ലീഗില് സമനിലയില് കലാശിച്ച് അല് നസര്- അല് ഹിലാല് മത്സരം. അല് നസറിന്റെ തട്ടകമായ അല് അവ്വല് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ അല് ഹിലാലിനെതിരെ ഉറപ്പിച്ച വിജയമാണ് അല് നസര് കൈവിട്ടുകളഞ്ഞത്. മത്സരത്തിന്റെ ആദ്യ മിനിറ്റില് വഴങ്ങിയ ഗോളിന് അല് ഹിലാല് അവസാന നിമിഷത്തില് പെനാല്റ്റിയിലൂടെ സമനില പിടിക്കുകയായിരുന്നു.

⌛️ || Full time, @AlNassrFC 1:1 #Alhilal pic.twitter.com/DgZeIDdgKj

സ്വന്തം തട്ടകത്തില് നടന്ന മത്സരത്തില് മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ സംഘം കാഴ്ച വെച്ചത്. മത്സരത്തിന്റെ ഒന്നാം മിനിറ്റില് തകര്പ്പന് ലീഡ് എടുക്കാന് അല് നസറിന് സാധിച്ചു. സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ അസിസ്റ്റിലൂടെ ഒറ്റാവിയോയാണ് ആതിഥേയര്ക്ക് വേണ്ടി ഗോള് നേടിയത്.

ലീഡ് ഉയര്ത്താനുള്ള രണ്ട് സുവര്ണാവസരങ്ങള് ക്രിസ്റ്റ്യാനോ റൊണാള്ഡോ നഷ്ടമാക്കി. സമനില പിടിക്കുന്നതിനായി രണ്ടാം പകുതിയില് അല് ഹിലാല് ആക്രമണം കടുപ്പിച്ചു. ഇഞ്ച്വറി ടൈമിന്റെ പത്താം മിനിറ്റില് അല് ഹിലാലിന് അനുകൂലമായി പെനാല്റ്റി ലഭിച്ചു. കിക്കെടുത്ത അലെക്സാണ്ടര് മിട്രോവിച്ച് ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചതോടെ അല് നസര് ലീഡ് കൈവിട്ടു. ലീഗില് 32 മത്സരങ്ങളില് നിന്ന് 29 വിജയവും 90 പോയിന്റുമായി ഒന്നാമതാണ് അല് ഹിലാല്. ഇത്രയും മത്സരങ്ങളില് നിന്ന് 78 പോയിന്റുമായി തൊട്ടുപിന്നിലാണ് അല് നസര്.

To advertise here,contact us