ബെര്ലിന്: യൂറോകപ്പില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയും സംഘവും സെമി ഫൈനല് കാണാതെ പുറത്ത്. ഫ്രാന്സിനെതിരെ നടന്ന ആവേശകരമായ ക്വാര്ട്ടര് പോരാട്ടത്തില് ഷൂട്ടൗട്ടില് പരാജയം വഴങ്ങിയാണ് പോര്ച്ചുഗലിന്റെ മടക്കം. പെനാല്റ്റി ഷൂട്ടൗട്ടില് 5-3ന് വിജയം സ്വന്തമാക്കി ഫ്രഞ്ചുപട സെമി ഫൈനല് ബെര്ത്ത് ഉറപ്പിച്ചു. സെമിയില് ഫ്രാന്സ് സ്പെയിനിനെ നേരിടും.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോളുകള് നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ക്രിസ്റ്റ്യാനോ റൊണാള്ഡോ, കിലിയന് എംബാപ്പെ തുടങ്ങിയ ഗോളടിവീരന്മാര് കളത്തിലിറങ്ങിയിട്ടും 120 മിനിറ്റ് മത്സരം ഗോള്രഹിതമായി തുടരുകയായിരുന്നു. ഇരുപകുതികളിലുമായി നിരവധി അവസരങ്ങളാണ് ഇരുടീമുകളും പാഴാക്കിയത്.
🇫🇷 France are faultless in the penalty shootout to advance 👏#EURO2024 | #PORFRA pic.twitter.com/6jdxFKs3XM
പന്ത് ഇരു ഗോള്മുഖത്തും നിരന്തരം കയറിയിറങ്ങിയെങ്കിലും ഗോള് മാത്രം പിറന്നില്ല. ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ മുന്നേറ്റങ്ങള്ക്ക് മൂര്ച്ച കുറഞ്ഞതാണ് പോര്ച്ചുഗലിന് തിരിച്ചടിയായത്. കൂടുതൽ സമയം പന്ത് കൈവശം വെച്ചിട്ടും മികച്ച സ്ട്രൈക്കറുടെ അഭാവം പോര്ച്ചുഗലിന് ഗോളവസരം നിഷേധിച്ചു.
മറുവശത്ത് സൂപ്പര് താരം കിലിയന് എംബാപ്പെയുടെ നേതൃത്വത്തിലുള്ള മുന്നേറ്റനിര നിരവധി അവസരങ്ങള് സൃഷ്ടിച്ചെങ്കിലും പെപ്പെയുടെ നേതൃത്വത്തിലുള്ള പോര്ച്ചുഗീസ് പ്രതിരോധം ശക്തമായി നിലയുറപ്പിച്ചു. ഫ്രഞ്ച് ഗോള്കീപ്പര് മൈക്ക് മെയ്നാനും പോര്ച്ചുഗീസ് ഗോള്കീപ്പര് ഡിയോഗോ കോസ്റ്റയുടെയും കിടിലന് സേവുകളും ഗോളുകള് പിറക്കാതിരുന്നതിന് കാരണമായി. ഇതിനിടെ 105-ാം മിനിറ്റില് എംബാപ്പെ പരിക്കേറ്റ് കളംവിട്ടിരുന്നു.
പെനാല്റ്റി മിസ്സാക്കി മെസ്സി; ഷൂട്ടൗട്ടിലെ വിജയത്തോടെ അര്ജന്റീന സെമിയില്
ഷൂട്ടൗട്ടില് ഫ്രാന്സിനായി ഉസ്മാന് ഡെംബെലെ ആണ് ആദ്യ കിക്കെടുത്തത്. മികച്ച ഷോട്ടിലൂടെ വലകുലുക്കി ഡെംബെലെ ഫ്രാന്സിന് മുന്തൂക്കം നല്കി. തുടര്ന്ന് കിക്കെടുത്ത യൂസ്സൗഫ് ഫൊഫാന, ജൂല്സ് കൗണ്ടെ, ബ്രാഡ്ലി ബാര്ക്കോള, തിയോ ഹെര്ണാണ്ടെസ് എന്നിവരും ഡിയോഗോ കോസ്റ്റയ്ക്ക് ഒരവസരവും നല്കാതെ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചു.
ക്യാപ്റ്റന് ക്രിസ്റ്റ്യാനോ റൊണാള്ഡോ ആയിരുന്നു പോര്ച്ചുഗലിനായി ആദ്യ കിക്കെടുക്കാനെത്തിയത്. കഴിഞ്ഞ മത്സരത്തിനിടെ പെനാല്റ്റി പാഴാക്കിയതിന്റെ വലിയ സമ്മര്ദത്തിലാണ് താരമെത്തിയത്. എന്നാല് ഇത്തവണ റൊണാള്ഡോയ്ക്ക് പിഴച്ചില്ല. രണ്ടാമത്തെ കിക്കെടുത്ത ബെര്ണാഡോ സില്വയും വലകുലുക്കി. എന്നാല് മൂന്നാം കിക്കിലാണ് പോര്ച്ചുഗലിന് പിഴച്ചത്. ജാവോ ഫെലിക്സിന്റെ പെനാല്റ്റിയാണ് പോസ്റ്റില് തട്ടി മടങ്ങിയത്. നാലാം കിക്ക് നൂനോ മെന്ഡിസ് വലയിലെത്തിച്ചെങ്കിലും പോര്ച്ചുഗലിന് പരാജയം വഴങ്ങേണ്ടിവന്നു.
It ended in heartbreak, but what a tournament for 41-year-old Pepe 🔒 pic.twitter.com/G3rAV89D97
ഇതോടെ അവസാന യൂറോ കപ്പ് കളിക്കുന്ന സൂപ്പർ താരം റൊണാള്ഡോയുടെയും പോർച്ചുഗലിന്റെ വെറ്റെറന് ഡിഫന്ഡർ പെപ്പെയുടെയും വിടവാങ്ങലിനും മത്സരം വേദിയായി. റൊണാൾഡോയുടെ ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റാണിത്. ഇതു തന്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്നു റൊണാള്ഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.