ഡോര്ട്ട്മുണ്ട്: യൂറോ കപ്പിലെ ഇംഗ്ലണ്ട്- നെതര്ലാന്ഡ്സ് സെമി ഫൈനല് പോരാട്ടത്തിന് മുന്പ് പുറത്ത് ആരാധക സംഘര്ഷം. ഇരുരാജ്യങ്ങളുടെയും ആരാധകര് തമ്മില് ഡോര്ട്ട്മുണ്ടിലെ ഒരു ബാറില് വെച്ച് ഏറ്റുമുട്ടിയെന്നാണ് റിപ്പോര്ട്ടുകള്. നെതര്ലാന്ഡ്സ് ആരാധകര് ഇംഗ്ലണ്ട് ആരാധകരെ ആക്രമിക്കുകയും ഇംഗ്ലണ്ട് പതാകകള് നശിപ്പിക്കാന് ശ്രമിക്കുകയുമായിരുന്നെന്ന് യു കെ പൊലീസ് വ്യക്തമാക്കി.
സംഘര്ഷത്തില് അഞ്ച് പേര്ക്ക് നിസ്സാര പരിക്കേറ്റെന്നും പൊലീസ് പറയുന്നു. ബാറിലെ സ്ക്രീനില് ഇംഗ്ലണ്ട്- നെതര്ലാന്ഡ്സ് സെമി ഫൈനല് മത്സരം പ്രദര്ശിപ്പിക്കുന്നത് കാണാനെത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത്. തുടര്ന്ന് പൊലീസ് ഇടപെട്ട് സാഹചര്യം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
Netherlands fans attacking a pub full of England fans... 🏴🇳🇱👊 pic.twitter.com/jPoH4vCmOg
ഡോര്ട്ട്മുണ്ടിലെ ബിവിബി സ്റ്റേഡിയത്തില് നടന്ന പോരാട്ടത്തില് ഇംഗ്ലണ്ടാണ് വിജയം സ്വന്തമാക്കിയത്. നെതര്ലാന്ഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലീഷ് പടയുടെ ഫൈനല് പ്രവേശനം. മത്സരത്തില് ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് രണ്ട് ഗോളുകള് തിരിച്ചടിച്ചാണ് വിജയം ഉറപ്പിച്ചത്.
90-ാം മിനിറ്റില് വിജയഗോള്; നെതര്ലാന്ഡ്സിനെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലിൽ
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മത്സരത്തിന്റെ ഏഴാം മിനിറ്റില് സാവി സൈമണ്സിലൂടെ ഡച്ചുപട മുന്നിലെത്തി. 18-ാം മിനിറ്റില് പെനാല്റ്റിയിലൂടെ ഹാരി കെയ്ന് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 90-ാം മിനിറ്റിലാണ് വിജയഗോള് പിറക്കുന്നത്. രണ്ടാം പകുതിയില് പകരക്കാരനായി ഇറക്കിയ ഒലി വാട്കിന്സാണ് മത്സരത്തിന്റെ ഗതി നിര്ണയിച്ച ഗോള് നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില് ഇംഗ്ലണ്ട് സ്പെയിനിനെ നേരിടും.