സൗദി വിടാൻ എൻഗോളോ കാന്റെ?; തിരിച്ചുവരവ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്

യൂറോ കപ്പിൽ ഫ്രാൻസ് ടീമിനൊപ്പമുള്ള തകർപ്പൻ പ്രകടനം ശ്രദ്ധനേടിയിരുന്നു

റിയാദ്: ഫ്രാൻസ് ഫുട്ബോൾ താരം എൻ​ഗോളോ കാന്റെ സൗദി പ്രോ ലീ​ഗ് ക്ലബ് അൽ ഇത്തിഹാദ് വിടുമെന്ന് റിപ്പോർട്ട്. ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക് താരം മടങ്ങിയെത്തുമെന്ന് സ്കൈ സ്പോർട്സ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2026 വരെയാണ് കാന്റെയ്ക്ക് സൗദി ക്ലബ് അൽ ഇത്തിഹാദുമായുള്ള കരാർ. എന്നാൽ യൂറോ കപ്പിൽ ഫ്രാൻസ് ടീമിനൊപ്പമുള്ള തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് താരത്തെ യൂറോപ്പ്യന്മാർ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നത്.

33കാരനായ കാന്റെ രണ്ട് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഫ്രാൻസ് ടീമിലേക്ക് തിരിച്ചെത്തുന്നത്. 2022ൽ ഇംഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ചെൽസി കളിച്ചുകൊണ്ടിരുന്നപ്പോൾ കാന്റെയ്ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും ഖത്തറിലെ ലോകകപ്പും താരത്തിന് നഷ്ടമായി. പിന്നാലെ യൂറോപ്പ് വിട്ട് കാന്റെ സൗദി പ്രോ ലീ​ഗിലേക്ക് ചേക്കേറുകയായിരുന്നു.

സൗദിയിൽ കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനക്കാരായ അൽ ഇത്തിഹാദിനൊപ്പം 44 മത്സരങ്ങൾ കാന്റെ കളിച്ചിരുന്നു. ഈ പ്രകടനമാണ് താരത്തെ ഫ്രാൻസ് ദേശീയ ടീമിൽ തിരികെയെത്തിച്ചത്. യൂറോ കപ്പിന്റെ ​ഗ്രൂപ്പ് ​ഘട്ടത്തിൽ ഓസ്ട്രിയയ്ക്കെതിരെയും നെതർലൻഡ്സിനെതിരെയും കാന്റെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിരുന്നു. പിന്നാലെ സെമി ഫൈനലിൽ സ്പെയ്നിനോട് പരാജയപ്പെട്ടാണ് ഫ്രാൻസ് പുറത്തായത്.

To advertise here,contact us