'ഇന്ത്യൻ ഫുട്ബോൾ പരിശീലക നിയമനം ക്രമവിരുദ്ധമായി'; എ ഐ എഫ് എഫിൽ നിന്ന് ബൈച്യൂങ് ബൂട്ടി‍യ രാജിവച്ചു

പരിശീലക നിയമനത്തിനായി ടെക്നിക്കൽ കമ്മറ്റി ഒരു യോ​ഗം പോലും ചേർന്നില്ലെന്ന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ

ഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി മനോലോ മാർക്കസിനെ നിയമിച്ചതിന് പിന്നാലെ എഐഎഫ്എഫിന്റെ ടെക്നിക്കൽ കമ്മറ്റി അം​ഗത്വം ബൈച്യൂങ് ബൂട്ടിയ രാജിവച്ചു. ടെക്നിക്കൽ കമ്മിറ്റി അറിയാതെയാണ് ഇത്തവണ പരിശീലകനെ നിയമിച്ചതെന്നാണ് ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ ആരോപണം.

താൻ മുമ്പ് 2013 മുതൽ 2017 വരെ എ ഐ എഫ് എഫ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്റ്റീഫൻ കോൺസ്റ്റന്റൈനെ നിയമിച്ചപ്പോൾ ടെക്നിക്കൽ കമ്മറ്റി നിയമനങ്ങളിൽ ഇടപെട്ടിരുന്നു. അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും അനുയോജ്യനായ വ്യക്തിയെ നിർദ്ദേശിക്കുകയും ചെയ്തു. ഇത് ടെക്നിക്കൽ കമ്മറ്റിയുടെ ജോലിയാണ്. എന്നാൽ ഇത്തവണ പരിശീലക നിയമനത്തിനായി ടെക്നിക്കൽ കമ്മറ്റി ഒരു യോ​ഗം പോലും ചേർന്നില്ല. പിന്നെ എന്തിനാണ് ടെക്നിക്കൽ കമ്മറ്റിയെന്നും ബൈച്യൂങ് ബൂട്ടിയ ചോദിച്ചു.

പരിശീലക നിയമനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് താൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ അറിയിച്ചു. ടെക്നിക്കൽ കമ്മറ്റിയുള്ളപ്പോൾ എന്തിനാണ് പരിശീലക നിയമനത്തിനായി സ്പെഷ്യൽ കമ്മറ്റിയെ നിയമിച്ചത്. പൂർണമായും തെറ്റായ രീതിയിലാണ് എഐഎഫ്എഫിൽ കാര്യങ്ങൾ നടക്കുന്നതെന്നും ബൈച്യൂങ് ബൂട്ടിയ ആരോപിച്ചു.

അതിനിടെ പരിശീലകനെ നിയമിച്ചതിൽ വിവാദത്തിന്റെ കാര്യമില്ലെന്നാണ് എ ഐ എഫ് എഫ് ആക്ടിങ് സെക്രട്ടറി ജനറൽ എം സത്യനാരായണന്റെ വാദം. ടെക്നിക്കൽ കമ്മിറ്റി ചെയർമാനായ ഐ എം വിജയനെ നിയമനം അറിയിച്ചിരുന്നു. വീഡിയോ കോൺഫറൻസിലൂടെ ഐ എം വിജയൻ എക്സിക്യൂട്ടിവ് യോ​ഗത്തിൽ പങ്കെടുത്തിരുന്നുവെന്നും എം സത്യനാരായണൻ വ്യക്തമാക്കി.

To advertise here,contact us