റയലിനായി കളത്തിലിറങ്ങും മുന്‍പെ റെക്കോർഡുകള്‍ തകർത്ത് എംബാപ്പെ; ബെല്ലിങ്ഹാം അഞ്ചിരട്ടി പിന്നില്‍

റയലിന്റെ ഒന്‍പതാം നമ്പര്‍ ജഴ്‌സിയില്‍ എംബാപ്പെ കളത്തിലിറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ വരവ് ആഘോഷമാക്കുകയാണ് റയല്‍ മാഡ്രിഡ് ആരാധകര്‍. ജൂലൈ 16ന് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ചടങ്ങില്‍ 80,000ത്തോളം കാണികള്‍ക്കുമുന്നിലായിരുന്നു എംബാപ്പെയെ റയല്‍ അവതരിപ്പിച്ചത്. റയലിന്റെ ഒന്‍പതാം നമ്പര്‍ ജഴ്‌സിയില്‍ എംബാപ്പെ കളത്തിലിറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ മൈതാനത്തിറങ്ങുന്നതിന് മുന്‍പുതന്നെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ് എംബാപ്പെ.

റയലില്‍ എംബാപ്പെയുടെ പേരുപതിച്ച ഒന്‍പതാം നമ്പര്‍ ജഴ്‌സിക്ക് ആവശ്യക്കാര്‍ ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ക്കയുടെ റിപ്പോര്‍ട്ട് അനുസരിച്ച് റെക്കോര്‍ഡ് നിരക്കിലാണ് ഫ്രാന്‍സ് ക്യാപ്റ്റന്റെ ഒന്‍പതാം നമ്പര്‍ ജഴ്‌സി വിറ്റുപോവുന്നത്. ഇത് ജൂഡ് ബെല്ലിങ്ഹാമിന്റെ പേരുള്ള ജഴ്‌സിയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍ താരം കരീം ബെന്‍സെമ റയലില്‍ അണിഞ്ഞിരുന്ന ഒന്‍പതാം നമ്പര്‍ ജഴ്‌സിയാണ് എംബാപ്പെ ധരിക്കുന്നത്. അതേസമയം 2023ല്‍ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിയ ബെല്ലിങ്ഹാം ഇതിഹാസതാരം സിനദിന്‍ സിദാന്‍ റയലില്‍ അണിഞ്ഞിരുന്ന അഞ്ചാം നമ്പര്‍ ജഴ്‌സിയാണ് അണിയുന്നത്.

To advertise here,contact us