ലാ ലീഗയില് റയല് മാഡ്രിഡിന് സീസണിലെ ആദ്യ വിജയം. വല്ലാഡോളിഡിനെതിരായ മത്സരത്തില് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് റയല് സ്വന്തമാക്കിയത്. കൗമാര സൂപ്പര് താരം എന്ഡ്രിക്ക് റയലിലെ തന്റെ അരങ്ങേറ്റ ഗോള് നേടിയപ്പോള് ഫെഡറിക്കോ വാല്വെര്ദെയും ബ്രാഹിം ഡയസും വല കുലുക്കി.
🏁 @RealMadrid 3-0 @realvalladolid ⚽ 50' @fedeevalverde⚽ 88' @Brahim⚽ 90'+6' @Endrick#RealMadridRealValladolid | @emirates pic.twitter.com/7xDf5K3JCK
സാന്റിയാഗോ ബെര്ണബ്യൂവില് നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ആതിഥേയര് ലീഡെടുത്തു. 50-ാം മിനിറ്റില് വാല്വെര്ദെയാണ് റയലിന്റെ ആദ്യ ഗോള് നേടിയത്. റോഡ്രിഗോയുടെ അസിസ്റ്റില് നിന്നായിരുന്നു ഗോള്.
88-ാം മിനിറ്റില് ബ്രാഹിം ഡയസിലൂടെ സ്കോര് ഇരട്ടിയാക്കിയതോടെ റയല് വിജയമുറപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമാണ് എന്ഡ്രിക്കിന്റെ ഗോള് പിറന്നത്. ബ്രാഹിം ഡയസിന്റെ പാസില് നിന്ന് കിടിലന് ഫിനിഷിലൂടെയായിരുന്നു എന്ഡ്രിക് ലാ ലീഗയിലെ തന്റെ ആദ്യ ഗോള് നേടിയത്.
സൂപ്പര് താരം കിലിയന് എംബാപ്പെയ്ക്ക് നിരവധി അവസരങ്ങള് ലഭിച്ചെങ്കിലും ഗോള് നേടാന് കഴിഞ്ഞില്ല. വിജയത്തോടെ നാല് പോയിന്റുമായി റയല് പോയിന്റ് പട്ടികയില് നാലാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തില് മയ്യോര്ക്കയുമായി റയല് മാഡ്രിഡ് സമനില വഴങ്ങിയിരുന്നു.