ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ; അവിശ്വസനീയ തിരിച്ചുവരവിൽ ബഗാനോട് സമനില പിടിച്ച് മുംബൈ

മുംബൈക്ക് വേണ്ടി ഗോകുലം കേരളയിൽ നിന്നും ഇത്തവണ തട്ടകത്തിലെത്തിയ മലയാളി താരം പി എൻ നൗഫൽ ഒരു അസിസ്റ്റടക്കം മികച്ച പ്രകടനം കാഴ്ച്ച വെച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിനൊന്നാം സീസണിലെ ആദ്യ മത്സരം സമനിലയിൽ. വെള്ളിയാഴ്ച സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു മോഹന്‍ ബഗാന്‍. എന്നാൽ രണ്ടാം പകുതിയില്‍ മുംബൈ സിറ്റി എഫ്‌സി നടത്തിയ തിരിച്ചുവരവിൽ അർഹിച്ച സമനില അവർ നേടിയെടുത്തു.

മുംബൈ സിറ്റിയുടെ മുന്നേറ്റത്തോടെയാണ് കളി ആരംഭിക്കുന്നത്. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി ഒമ്പതാം മിനിറ്റിൽ വീണ സെൽഫ് ഗോളിൽ മോഹന്‍ ബഗാൻ മുന്നിലെത്തി. അങ്ങനെ സീസണിന്റെ തുടക്കം തന്നെ സെല്‍ഫ് ഗോളോടെയായി. മുംബൈയുടെ പ്രതിരോധ താരം ലൂയിസ് എസ്പിനോസ അരോയോയുടെ ദേഹത്തിൽ തട്ടിയാണ് പന്ത് വലയിൽ പതിച്ചത്.

ശേഷം 28-ാം മിനിറ്റിലായിരുന്നു മോഹന്‍ ബഗാന്റെ രണ്ടാം ഗോള്‍. ബോക്‌സിന് പുറത്തുനിന്ന് ജെര്‍ഗ് സ്റ്റെവാര്‍ട്ട് സ്വീകരിച്ച പന്ത് ഹെഡ് ചെയ്ത് ആല്‍ബര്‍ട്ടോ റോഡ്രിഗസിന് ബാക്ക് പാസ് നല്‍കി. റോഡ്രിഗസ് ഒരുനിമിഷം പോലും പാഴാക്കാതെ ഇടംകാലുകൊണ്ട് പന്ത് വലയിലേക്ക് അടിച്ചു കയറ്റി (2-0). ആദ്യ പകുതി അങ്ങനെ മോഹൻ ബഗാന്റെ രണ്ട് ഗോൾ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിക്ക് ശേഷം മുംബൈ കൂടുതൽ ഉണർന്ന് കളിച്ചു. നിരന്തര ശ്രമങ്ങൾക്കൊടുവിൽ 69-ാം മിനിറ്റില്‍ മുംബൈയുടെ ആദ്യ ഗോളെത്തി. ലൂയിസ് എസ്പിനോസ അരോയോ വകയായിരുന്നു മുംബൈയുടെ ഗോള്‍. അങ്ങനെ കളിയുടെ ആദ്യ പകുതിയിൽ സെൽഫ് ഗോളിൽ ടീമിനെ പിറകിലെത്തിച്ചതിന്റെ പ്രായശ്ചിത്തം കൂടി എസ്പിനോസ ചെയ്തു. 90-ാം മിനിറ്റില്‍ തായര്‍ ക്രോമയുടെ ഗോള്‍ കൂടി വന്നതോടെ മുംബൈ സമനില നേടി. മുംബൈക്ക് വേണ്ടി ഗോകുലം കേരളയിൽ നിന്നും ഇത്തവണ തട്ടകത്തിലെത്തിയ മലയാളി താരം പി എൻ നൗഫൽ ഒരു അസിസ്റ്റടക്കം മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

To advertise here,contact us