കിടിലന്‍ തിരിച്ചുവരവ്; ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി

ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് ഗോവ ലീഡെടുത്തത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ജംഷഡ്പൂര്‍ എഫ്‌സിക്ക് ആവേശവിജയം. സീസണിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ജംഷഡ്പൂര്‍ സ്വന്തമാക്കിയത്. ഗോവയുടെ സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ജംഷഡ്പൂര്‍ വിജയിച്ചത്.

ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് ഗോവ ലീഡെടുത്തത്. 48-ാം മിനിറ്റില്‍ അര്‍മാന്‍ഡോ സാദികുവാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ഗോവയ്ക്ക് അനുകൂലമായാണ് ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആദ്യപകുതി പിരിഞ്ഞത്.

രണ്ടാം പകുതിയില്‍ ജംഷഡ്പൂരിന്റെ തിരിച്ചുവരവാണ് കാണാനായത്. 74-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ഹാവിയര്‍ സിവേറിയോയാണ് ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചത്. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിപ്പിച്ച സമയത്താണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ പിറക്കുന്നത്. 93-ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറെയുടെ ത്രില്ലര്‍ ഗോളാണ് ജംഷഡ്പൂരിനെ വിജയത്തിലേക്ക് നയിച്ചത്.

To advertise here,contact us