യുവേഫ ചാമ്പ്യന്സ് ലീഗില് ജര്മ്മന് ചാമ്പ്യന്മാരായ ബയര് ലെവര്കൂസന് വമ്പന് വിജയം. ടൂര്ണമെന്റിലെ ആദ്യ മത്സരത്തില് ഡച്ച് ക്ലബ്ബായ ഫെയനൂര്ദിനെതിരെ മറുപടിയില്ലാത്ത നാല് ഗോളുകളുടെ വമ്പന് വിജയമാണ് സാബി അലോണ്സോയുടെ ശിഷ്യന്മാര് സ്വന്തമാക്കിയത്. ലെവര്കൂസന് വേണ്ടി യുവതാരം ഫ്ളോറിയന് വിര്ട്സ് ഇരട്ടഗോളടിച്ച് തിളങ്ങി.ചാമ്പ്യന്സ് ലീഗില് വിര്ട്സിന്റെ അരങ്ങേറ്റമത്സരമാണിത്.
That's why they call us Bayer 𝟎𝟒 Leverkusen 😏 https://t.co/pl3rZF4nP8
മത്സരത്തിന്റെ ആദ്യപകുതിയിലാണ് നാല് ഗോളുകളും പിറന്നത്. അഞ്ചാം മിനിറ്റില് തന്നെ ലെവര്കൂസന് മുന്നിലെത്തി. വിര്ട്സ് ആണ് ലെവര്കൂസന്റെ ഗോള്വേട്ടയ്ക്ക് തുടക്കമിട്ടത്. റോബര്ട്ട് ആന്ഡ്രിച്ചിന്റെ പാസില് നിന്നാണ് വിര്ട്സ് ചാമ്പ്യന്സ് ലീഗില് തന്റെ ആദ്യ ഗോള് കണ്ടെത്തിയത്.
30-ാം മിനിറ്റില് അലെജാന്ഡ്രോ ഗ്രിമാള്ഡോയിലൂടെ ലെവര്കൂസന് ലീഡ് ഇരട്ടിയാക്കി. ആറ് മിനിറ്റുകള്ക്ക് ശേഷം മൂന്നാം ഗോളും പിറന്നു. ഫ്ളോറിയന് വിര്ട്സ് ആണ് തന്റെ രണ്ടാം ഗോളും ലെവര്കൂസന്റെ മൂന്നാം ഗോളും നേടിയത്. 44-ാം മിനിറ്റില് ഫെയനൂര്ദിന്റെ ടിമോണ് വെല്ലന്റൂഥറിന്റെ സെല്ഫ് ഗോള് ലെവര്കൂസന്റെ വല കുലുക്കി. ഇതോടെ സ്കോര് 0-4. രണ്ടാം പകുതിയില് ഇരുഭാഗത്തുനിന്നും ഗോളുകള് പിറക്കാതിരുന്നതോടെ ലെവര്കൂസന് വമ്പന് വിജയം സ്വന്തമാക്കി.