ഗോളടി തുടർന്ന് റൊണാള്‍ഡോ; സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വിജയം

ടാലിസ്‌കയും സലേം അല്‍ നജ്ദിയും അല്‍ നസറിന് വേണ്ടി വലകുലുക്കി

സൗദി പ്രോ ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് വിജയം. എല്‍ എത്തിഫാഖിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ നേടിയപ്പോള്‍ ടാലിസ്‌കയും സലേം അല്‍ നജ്ദിയും അല്‍ നസറിന് വേണ്ടി വലകുലുക്കി.

പുതിയ പരിശീലകന്‍ സ്റ്റെഫാനോ പിയോളിക്ക് കീഴില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ വിജയം കണ്ടെത്തിയിരിക്കുകയാണ് റൊണാള്‍ഡോയും സംഘവും. എത്തിഫാഖിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 33-ാം മിനിറ്റില്‍ തന്നെ അല്‍ നസര്‍ ഗോള്‍ നേടി. പെനാല്‍റ്റി ഗോളാക്കി മാറ്റി റൊണാള്‍ഡോ തന്നെയാണ് അല്‍ നസറിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അല്‍ നസറിന് അനുകൂലമായി അവസാനിച്ചു.

⌛️ || Full time, 💪💛@AlNassrFC 3:0 #EttifaqRonaldo ⚽️Salem ⚽️Talisca ⚽️ pic.twitter.com/gAuGSa8VZA

56-ാം മിനിറ്റില്‍ സലേം അല്‍ നജ്ദി അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. സാദിയോ മാനെയുടെ തകര്‍പ്പന്‍ അസിസ്റ്റില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍ പിറന്നത്. മത്സരത്തിന്റെ 70-ാം മിനിറ്റില്‍ ടാലിസ്‌കയുടെ ഗോളോടെ അല്‍ നസര്‍ വിജയം പൂര്‍ത്തിയാക്കി.

വിജയത്തോടെ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറാനും റൊണാള്‍ഡോയ്ക്കും സംഘത്തിനും സാധിച്ചു. നാല് മത്സരങ്ങളില്‍ രണ്ട് വിജയവും രണ്ട് സമനിലയും ഉള്‍പ്പടെ എട്ട് പോയിന്റാണ് അല്‍ നസറിന്റെ സമ്പാദ്യം.

To advertise here,contact us