വനിതാ സൂപ്പര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി- ആഴ്‌സണല്‍ പോരാട്ടം സമനിലയില്‍

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആതിഥേയരായ ആഴ്‌സണലാണ് മുന്നിലെത്തിയത്

വനിതാ സൂപ്പര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ആഴ്‌സണലിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്.

Well played! 👏🩵 https://t.co/VvozxMq8hD

എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആതിഥേയരായ ആഴ്‌സണലാണ് മുന്നിലെത്തിയത്. എട്ടാം മിനിറ്റില്‍ ഫ്രിദാ മാനുമാണ് ഗണ്ണേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലാണ് സിറ്റിക്ക് സമനില കണ്ടെത്താനായത്. 42-ാം മിനിറ്റില്‍ മുന്‍ ആഴ്‌സണല്‍ താരമായ വിവിയന്നെ മിയാദമയുടെ ഗോളാണ് സിറ്റിയെ ഒപ്പമെത്തിച്ചത്. സിറ്റി കുപ്പായത്തില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്.

58-ാം മിനിറ്റില്‍ ജെസ് പാര്‍ക്കിലൂടെ സിറ്റി ലീഡെടുത്തു. സമനില ഗോളിനായി ആതിഥേയര്‍ പരിശ്രമിച്ചു. 81-ാം മിനിറ്റില്‍ ആഴ്‌സണലിന്റെ മറുപടിയെത്തി. പകരക്കാരിയായി ഇറങ്ങിയ ബെത്ത് മീഡ് ആണ് ഗണ്ണേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ട് പിരിഞ്ഞു.

To advertise here,contact us