ലാ ലീഗയില് റയല് മാഡ്രിഡിന് വിജയം. അലാവസിനെതിരെ നടന്ന മത്സരത്തില് രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് റയല് വിജയം സ്വന്തമാക്കിയത്. സൂപ്പര് താരം കിലിയന് എംബാപ്പെ തുടര്ച്ചയായ അഞ്ചാം മത്സരത്തിലും റയലിന് വേണ്ടി വലകുലുക്കി.
🏁 @RealMadrid 3-2 @Alaves⚽ 1' @Lucasvazquez91⚽ 40' @KMbappe⚽ 48' @RodrygoGoes⚽ 85' Carlos Benavídez⚽ 86' Kike García#RealMadridAlavés | @emirates pic.twitter.com/MI5OrhTWIu
സാന്റിയാഗോ ബെര്ണബ്യൂവില് നടന്ന മത്സരത്തിന്റെ ആദ്യ മിനിറ്റില് തന്നെ റയല് ഗോള് നേടി. വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റില് ലൂകാസ് വാസ്കസ് ആണ് ആവേശഗോള് നേടിയത്. 40-ാം മിനിറ്റില് എംബാപ്പെയിലൂടെ റയല് ലീഡ് ഇരട്ടിയാക്കി. ജൂഡ് ബെല്ലിങ്ഹാമുമായുള്ള അതിവേഗ മുന്നേറ്റത്തിനൊടുവിലായിരുന്നു എംബാപ്പെയുടെ ഗോള്.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളില് തന്നെ റയല് ലീഡ് മൂന്നാക്കി ഉയര്ത്തി. അലാവസ് പ്രതിരോധ താരങ്ങളെ മറികടന്ന് റോഡ്രിഗോയാണ് നടന്ന മത്സരത്തില് ആതിഥേയരുടെ മൂന്നാം ഗോള് നേടിയത്. രണ്ടാം പകുതി അവസാനിക്കാന് അഞ്ച് മിനിറ്റ് ശേഷിക്കെ ആലാവസ് തിരിച്ചടിച്ചു. 85-ാം മിനിറ്റില് കാര്ലോസ് ബെനാവിഡസാണ് അലാവസിന്റെ ആദ്യ ഗോള് നേടിയത്. റയലിന്റെ ഞെട്ടല് മാറുംമുന്പെ തൊട്ടടുത്ത നിമിഷം രണ്ടാമതും വല കുലുങ്ങി. കികെ ഗാര്സിയയാണ് അലാവസിന്റെ രണ്ടാം ഗോള് നേടിയത്.