സ്പാനിഷ് ലാ ലിഗയില് വിജയം തുടര്ന്ന് ബാഴ്സലോണ. ഗെറ്റാഫെയ്ക്കെതിരെ നടന്ന മത്സരത്തില് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. സൂപ്പര് താരം റോബര്ട്ട് ലെവന്ഡോവ്സ്കിയാണ് ബാഴ്സയുടെ വിജയഗോള് നേടിയത്. സ്പാനിഷ് ലീഗില് ബാഴ്സയുടെ തുടര്ച്ചയായ ഏഴാം വിജയമാണിത്.
🔥 FULL TIME!!!!!!! 🔥#BarçaGetafe pic.twitter.com/d5TdiNbHPh
സ്വന്തം തട്ടകത്തില് നടന്ന മത്സരത്തിന്റെ 19-ാം മിനിറ്റിലായിരുന്നു ബാഴ്സയുടെ വിജയഗോള് പിറന്നത്. വലതുവിങ്ങിലൂടെ കൗമാര താരം ലാമിന് യമാല് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ലെവന്ഡോവ്സ്കി സ്കോര് ചെയ്തത്. യമാലിന്റെ പാസ് പിടിച്ചെടുത്ത റൈറ്റ് ബാക്ക് താരം ജൂള്സ് കൗണ്ടെ നല്കിയ ക്രോസ് ഗെറ്റാഫെ ഗോള്കീപ്പര് ഡേവിഡ് സോറിയയ്ക്ക് കൈപ്പിടിയിലൊതുക്കാന് കഴിഞ്ഞില്ല. തുടര്ന്നെത്തിയ പന്ത് ലെവന്ഡോവ്സ്കി തകര്പ്പന് വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.
ലെവന്ഡോവ്സ്കിയുടെ ഏഴാമത് ലാ ലിഗ ഗോളാണിത്. തന്റെ അവസാന നാല് ലീഗ് മത്സരങ്ങളില് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി മിന്നും ഫോമിലാണ് ലെവന്ഡോവ്സ്കി. വിയ്യാറയലിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബാഴ്സ ഗോള്കീപ്പറും ക്യാപ്റ്റനുമായ മാര്ക് ആന്ദ്രേ ടെര്സ്റ്റീഗന്റെ പകരക്കാരനായി ഇനാകി പെന ഇറങ്ങിയിരുന്നു.ലീഗിലെ ഏഴ് മത്സരങ്ങളും വിജയിച്ച ബാഴ്സ 21 പോയിന്റുമായി ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള റയല് മാഡ്രിഡിന് ബാഴ്സയേക്കാള് നാല് പോയിന്റ് കുറവാണ്. ഏഴ് മത്സരങ്ങളില് അഞ്ച് വിജയവും രണ്ട് സമനിലയുമായി 17 പോയിന്റാണ് റയല് മാഡ്രിഡിന്റെ സമ്പാദ്യം.