ഐഎസ്എല്ലില്‍ ചരിത്രം കുറിച്ച് സുനില്‍ ഛേത്രി; ബഗാനെതിരെ മോഹനവിജയവുമായി ബെംഗളൂരു

ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് ബഗാനെതിരായ മത്സരം നടന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബെംഗളൂരു എഫ്‌സി. മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്. ബെംഗളൂരുവിന് വേണ്ടി എഡ്ഗാര്‍ മെന്‍ഡസ്, സുരേഷ് സിങ് വാങ്ജം, സുനില്‍ ഛേത്രി എന്നിവര്‍ ഗോളുകള്‍ നേടി.

ബഗാനെതിരായ ഗോളോടെ ഐഎസ്എല്ലില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ സുനില്‍ ഛേത്രി. ഐഎസ്എല്ലിലെ 64-ാം ഗോളാണ് ഛേത്രി ഇന്നത്തെ മത്സരത്തില്‍ സ്വന്തമാക്കിയത്. ഇതോടെ ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോററായി മാറിയിരിക്കുകയാണ് ഛേത്രി. ഗോള്‍വേട്ടക്കാരില്‍ മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ബര്‍ത്തലോമിയോ ഓഗ്ബച്ചെയെയാണ് ഛേത്രി മറികടന്നത്.

ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് ബഗാനെതിരായ മത്സരം നടന്നത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകള്‍ നേടിയ ബെംഗളൂരുവിനായി സുനില്‍ ഛേത്രി രണ്ടാം പകുതിയില്‍ പെനാല്‍റ്റി ഗോളും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച ബെംഗളൂരു ഒന്‍പതു പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ഒരു ജയവും സമനിലയും തോല്‍വിയുമടക്കം നാല് പോയിന്റുകളുമായി ബഗാന്‍ ആറാം സ്ഥാനത്താണ്.

To advertise here,contact us