എഎഫ്സി ചാമ്പ്യന്സ് ലീഗ് ടൂര്ണമെന്റില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ അല് നസറിന് ആദ്യ വിജയം. ചൊവ്വാഴ്ച റിയാദില് നടന്ന മത്സരത്തില് അല് റയാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് അല് നസര് പരാജയപ്പെടുത്തിയത്. അല് നസറിന് വേണ്ടി റൊണാള്ഡോയും സാദിയോ മാനെയും ഗോള് നേടിയപ്പോള് റോജര് ഗുഡെസ് അല് റയാന്റെ ആശ്വാസഗോള് കണ്ടെത്തി.
⌛️ || Full time, 🙌💛@AlNassrFC 2:1 #AlRayyanMané ⚽️Ronaldo ⚽️ pic.twitter.com/KB5q2btP8w
ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ എഎഫ്സി ചാമ്പ്യന്സ് ലീഗ് അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ചാമ്പ്യന്സ് ലീഗില് അല് ഷോര്ട്ടയ്ക്കെതിരായ അല് നസറിന്റെ ആദ്യ മത്സരം അസുഖത്തെ തുടര്ന്ന് റൊണാള്ഡോയ്ക്ക് നഷ്ടമായിരുന്നു. അല് റയാനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച റൊണാള്ഡോ 15 മിനിറ്റിനുള്ളില് തന്നെ രണ്ട് തവണ ഗോളിനടുത്തെത്തി. എന്നാല് ബ്രസീലിയന് ഗോള്കീപ്പര് പൗലോ വിക്ടര് റയാന്റെ രക്ഷകനായി.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ തുടക്കത്തില് അല് നസര് ആദ്യ ഗോള് നേടി. സുല്ത്താന് അല് ഗന്നാമിന്റെ ക്രോസില് നിന്ന് സാദിയോ മാനെ ഒരു ഫ്ളൈയിങ് ഹെഡറിലൂടെ വലകുലുക്കുകയായിരുന്നു. രണ്ടാം പകുതിയിലും അല് നസറും റൊണാള്ഡോയും ആക്രമണം തുടര്ന്നു. 76-ാം മിനിറ്റില് റൊണാള്ഡോ അല് നസറിന്റെ ലീഡ് ഇരട്ടിയാക്കി. നിശ്ചിത സമയം അവസാനിക്കാന് മൂന്ന് നിമിഷങ്ങള് ബാക്കിനില്ക്കെ റോജര് ഗുഡെസിലൂടെ അല് റയാന് ആശ്വാസഗോള് കണ്ടെത്തി.
വിജയത്തിലൂടെ അല് നസര് ഗ്രൂപ്പ് സ്റ്റാന്ഡിങ്ങില് മൂന്നാം സ്ഥാനത്തേക്ക് ഉയര്ന്നു. രണ്ട് മത്സരങ്ങളില് ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്റാണ് അല് നസറിന്റെ സമ്പാദ്യം. ഒരു വിജയവും കണ്ടെത്താത്ത അല് റയ്യാന് ഗ്രൂപ്പ് സ്റ്റാന്ഡിങ്ങില് 11-ാമതാണ്.