ഐ ലീ​ഗ് മുൻ ചാംപ്യന്മാർക്ക് ഐഎസ്എല്ലിൽ തുടർച്ചയായ നാലാം തോൽവി; ജംഷഡ്പൂരിന് മുന്നേറ്റം

മത്സരത്തിൽ 66 ശതമാനം പന്തിനെ നിയന്ത്രിച്ചിട്ടും ​ഗോൾവല ചലിപ്പിക്കാൻ ഈസ്റ്റ് ബം​ഗാളിന് കഴിഞ്ഞില്ല.

ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണിൽ തുടർച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് ഐ ലീ​ഗ് മുൻ ചാംപ്യന്മാരായ ഈസ്റ്റ് ബം​ഗാൾ. ഇത്തവണ ജംഷഡ്പൂരിനെതിരെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ഈസ്റ്റ് ബം​ഗാളിന്റെ പരാജയം. 21-ാം മിനിറ്റിൽ റെയ്തചികാവയുടെ ​ഗോളിൽ ജംഷഡ്പൂർ മുന്നിലെത്തി. പിന്നാലെ 70-ാം മിനിറ്റിൽ ഈസ്റ്റ് ബം​ഗാൾ താരം ലാല്‍ചുങ്ക്‌നുന്‍ഗയുടെ സെൽഫ് ​ഗോളുമായപ്പോൾ ജംഷഡ്പൂർ ലീഡ് 2-0മാക്കി ഉയർത്തി. മത്സരത്തിൽ 66 ശതമാനം പന്തിനെ നിയന്ത്രിച്ചിട്ടും എതിരാളികളുടെ ​ഗോൾവല ചലിപ്പിക്കാൻ ഈസ്റ്റ് ബം​ഗാളിന് കഴിഞ്ഞില്ല.

21-ാം മിനിറ്റിൽ ഡി ബോക്സിന് പുറത്തുലഭിച്ച പന്ത് ഒരു കിടിലൻ ലോങ് ഷോട്ടിലൂടെയാണ്

റെയ്തചികാവ വലയിലെത്തിച്ചത്. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങളൊന്നും ഈസ്റ്റ് ബം​ഗാളിന് ​ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 64-ാം മിനിറ്റിൽ ജംഷ്ഡ്പൂരിന് അനുകൂലമായി ലഭിച്ച ഒരു പെനാൽറ്റി സാൽ ക്രെസ്പോ പാഴാക്കി. പിന്നാലെയാണ് ജംഷഡ്പൂരിന് അനുകൂലമായി ലാല്‍ചുങ്ക്‌നുന്‍ഗയുടെ സെൽഫ് ​ഗോൾ ഉണ്ടായത്.

ഐഎസ്എൽ സീസണിൽ നാല് മത്സരങ്ങൾ കളിച്ച മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ജംഷഡ്പൂർ ഒമ്പത് പോയിന്റോടെ ടേബിളിൽ മൂന്നാമതാണ്. നാലിലും പരാജയപ്പെട്ട ഈസ്റ്റ് ബം​ഗാൾ അവസാന സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമുള്ള ബെം​ഗളൂരു എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. നാല് മത്സരങ്ങളിൽ ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമുള്ള കേരള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തുണ്ട്.

East Bengal endures fourth straight defeat in ISL 2024

To advertise here,contact us