ഗോവയെ തോൽപ്പിച്ച് മുംബൈ സിറ്റിക്ക് ആദ്യ ജയം; കൊൽക്കത്തൻ ഡെർബിയിൽ മോഹൻ ബഗാൻ

വിജയത്തോടെ ബഗാൻ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി

ഐഎസ്എലിൽ സീസണിലെ ആദ്യ ജയം കുറിച്ച് ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി. ഗോവ എഫ്‌സിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് മുംബൈ കീഴടക്കിയത്. ഗോവൻ ടീമിനെതിരേ തോൽവിയറിയാതെയുള്ള പതിമൂന്നാം മത്സരമാണ് മുംബൈ പൂർത്തിയാക്കിയത്. നിക്കൊളാസ് കരേലിസ് (21), യോൽ വാൻ നിഫ് (40) എന്നിവരാണ് മുംബൈയുടെ സ്‌കോറർമാർ.

രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ അർമാൻഡൊ സാദികു (55) ആതിഥേയരുടെ ആശ്വാസ ഗോൾ കുറിച്ചു. നാലു കളികളിൽ അഞ്ചുപോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്താണ്. അഞ്ചു കളികളിൽ അഞ്ചുപോയിന്റുള്ള ഗോവ എട്ടാമതും.

അതേ സമയം ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ മോഹൻ ബഗാന്‍ വിജയിച്ചു. സീസണിൽ ഇത് വരെ കളിച്ച അഞ്ച് മത്സരങ്ങളിലും തോൽവി വഴങ്ങിയ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബഗാന്‍ തോൽപ്പിച്ചത്. ജെയ്മി മക്ലാരൻ, ദിമിത്രി പ്രെട്ടറ്റോസ് എന്നിവരാണ് ബഗാന് വേണ്ടി ഗോൾ നേടിയത്. വിജയത്തോടെ ബഗാൻ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Content Highlights:

To advertise here,contact us