സീസണിൽ ആദ്യമായി ബെംഗളൂരൂ ഗോൾ വഴങ്ങി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിൻ്റെ മാസ് മറുപടി, ആദ്യപകുതി ഒപ്പത്തിനൊപ്പം

ജീസസ് ജിമിനസാണ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി സമനിലയില്‍. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ചാണ് ആദ്യ പകുതിക്ക് പിരിഞ്ഞത്. ബെംഗളൂരുവിന് വേണ്ടി ഹോര്‍ഹെ പെരേര ഡയസ് ഗോളടിച്ചപ്പോള്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു.

കൊച്ചിയില്‍ നിറഞ്ഞുകവിഞ്ഞ മഞ്ഞക്കടലിനെ നിശബ്ദമാക്കി ബെംഗളൂരുവാണ് ആദ്യം ഗോളടിച്ചത്. പ്രീതം കോട്ടാലിന്റെ പിഴവ് മുതലെടുത്ത് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസാണ് ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചത്. പ്രീതത്തില്‍ നിന്ന് പന്ത് തട്ടിയെടുത്ത ഡയസ് ഗോള്‍കീപ്പര്‍ സോംകുമാറിനെ ചിപ് ചെയ്ത് വലകുലുക്കുകയായിരുന്നു.

ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നുകളിക്കാന്‍ തുടങ്ങി. 10-ാം മിനിറ്റില്‍ ജിമിനസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തുപോയി. തൊട്ടുപിന്നാലെ ക്വാമെ പെപ്രയുടെ ഷോട്ട് ബെംഗളൂരു ഗോള്‍കീപ്പര്‍ തടയുകയും ചെയ്തു.

30-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലൂണ ഗോളിന് തൊട്ടടുത്തെത്തി. പെനാല്‍റ്റി ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ബാര്‍പോസ്റ്റിനെ തൊട്ടുരുമ്മിപോയി. 44-ാം മിനിറ്റില്‍ മത്സരത്തിന്റെ ഗതി മാറി. ബെംഗളൂരു ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയ ക്വാമെ പെപ്രയെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി കിക്കെടുത്ത ജിമിനസ് പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.

സീസണില്‍ ആദ്യമായാണ് ബെംഗളൂരുവിന്റെ വലകുലുങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തോല്‍വിയും ഗോളും വഴങ്ങാതെയായിരുന്നു ബെംഗളൂരു ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ ജിമിനസിന്റെ ഗോളോടെ ബെംഗളൂരുവിന്റെ ക്ലീന്‍ഷീറ്റ് അവസാനിപ്പിച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്.

Content Highlights: ISL: Kerala Blasters vs Bengaluru FC match updates

To advertise here,contact us