ഇന്ത്യൻ‌ സൂപ്പർ ലീ​ഗ്; സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി നിലവിലെ ചാംപ്യന്മാർ

ഐഎസ്എല്ലിൽ അഞ്ച് മത്സരങ്ങൾ പിന്നിട്ട മുംബൈ ഒരു ജയം മാത്രമാണ് നേടിയത്.

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒഡീഷ എഫ്സിക്കെതിരെ സമനില വഴങ്ങി മുംബൈ സിറ്റി. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. ഒഡീഷയ്ക്കായി റോയി കൃഷ്ണ വലചലിപ്പിച്ചു. മുംബൈയ്ക്കായി നിക്കോള് കരേലിസ് ആണ് ​ഗോൾ നേടിയത്. 80-ാം മിനിറ്റിൽ അഹമ്മദ് ജാഹോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഒഡീഷ സംഘം 10പേരായി ചുരുങ്ങിയിരുന്നു.

മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് റോയ് കൃഷ്ണയുടെ ​ഗോൾ പിറന്നത്. മുംബൈ ​ഗോൾകീപ്പർ ഫുർബ ലചെൻപ വരുത്തിയ പിഴവ് മുതലെടുത്ത റോയ് കൃഷ്ണ അനായാസം പന്ത് വലയിലാക്കി. 23-ാം മിനിറ്റിലാണ് മുംബൈ തിരിച്ചടിച്ചത്. ലാലിയന്‍സുവാല ചങ്‌തെ നൽകിയ പാസ് മികച്ചൊരു ഇടം കാൽ ഷോട്ടിലൂടെ കരേലിസ് വലയിലാക്കി. പിന്നീട് മത്സരത്തിൽ ഇരുടീമുകൾക്കും വലകുലുക്കാൻ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.

സ്വന്തം തട്ടകത്തിൽ ഒ‍ഡീഷയോട് സമനില വഴങ്ങിയത് നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റിയ്ക്ക് കനത്ത തിരിച്ചടിയായി. ഐഎസ്എല്ലിൽ അഞ്ച് മത്സരങ്ങൾ പിന്നിട്ട മുംബൈ ഒരു ജയം മാത്രമാണ് നേടിയത്. പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് നിലവിലെ ചാംപ്യന്മാർ. ആറ് കളികളിൽ രണ്ട് വിജയമുള്ള ഒഡീഷ ഏഴാം സ്ഥാനത്താണ്.

Content Highlights: Islanders Share Points With Kalinga Warriors in ISL

To advertise here,contact us