ഓൾഡ് ട്രാഫോർഡിൽ ചെൽസി-മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം സമനിലയിൽ

റാഷ്ഫോർഡിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതായിരുന്നു ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വമ്പൻ ടീമുകളുടെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും സമനിലയിൽ പിരിഞ്ഞു. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മത്സരം 1-1 സമനിലയിലവസാനിച്ചു. ഇരു ടീമുകളും ശ്രദ്ധയോടെ കളിച്ച മത്സരത്തിൽ അധികം അവസരങ്ങളുണ്ടാക്കാൻ ഇരുവര്‍ക്കുമായില്ല. റാഷ്ഫോർഡിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതായിരുന്നു ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം.

രണ്ടാം പകുതിയിലും കളി അങ്ങനെ തന്നെ തുടർന്നു. മത്സരത്തിന്റെ 70-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി വന്നു. റാസ്മസ് ഹോയ്‌ലുണ്ടിനെ ചെൽസി കീപ്പർ സാഞ്ചസ് വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി നായകൻ ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചു. ഗോൾ വീണതോടെ ചെൽസി ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. 74-ാം മിനിറ്റിൽ കൈസേദോയുടെ ഒരു ഗംഭീര സ്‌ട്രൈക്കിൽ ചെൽസി സമനില പിടിച്ചു. തകർപ്പൻ വോളിയിലൂടെയായിരുന്നു കൈസേദോയുടെ ഗോൾ. ശേഷം വിജയഗോളിനായി ഇരുടീമുകളും ആഞ്ഞുശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 12 പോയിന്റുമായി 13-ാം സ്ഥാനത്തെത്തി. ചെൽസി 18 പോയിന്റുമായി നാലാം സ്ഥാനത്തുമെത്തി.

Also Read:

Football
ഓൾഡ് ട്രാഫോർഡിലെ ഓളം വീണ്ടെടുക്കാൻ റൂബനെത്തുന്നു; മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി പോർച്ചുഗീസ് കപ്പിത്താന് കീഴിൽ

Content Highlights: English Premier League manchester united vs chelsea

To advertise here,contact us