കാല്‍പ്പന്താവേശത്തിന് ഇന്ന് കലാശക്കൊട്ട്; സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍ കാലിക്കറ്റും കൊച്ചിയും നേര്‍ക്കുനേര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കിക്കോഫ്.

സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റില്‍ ഇന്ന് കലാശപ്പോരാട്ടം. കിരീടപ്പോരില്‍ കാലിക്കറ്റ് എഫ്‌സിയും ഫോഴ്‌സ കൊച്ചിയും ഏറ്റുമുട്ടും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കിക്കോഫ്.

ഫുട്‌ബോളിനെ നെഞ്ചേറ്റിയ കോഴിക്കോട് വൈകിട്ട് 6.30 ന് സമാപന ചടങ്ങുകള്‍ തുടങ്ങും. കിരീടപ്പോരാട്ടത്തിന് ആവേശം പകരാന്‍ ഫോഴ്‌സ കൊച്ചി ടീം ഉടമ നടന്‍ പൃഥ്വിരാജ്, ഭാര്യ സുപ്രിയ, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ബേസില്‍ ജോസഫ് എന്നിവരെത്തും. വിജയികള്‍ക്ക് മന്ത്രി വി അബ്ദുറഹിമാന്‍ ട്രോഫി സമ്മാനിക്കും. ജേതാക്കള്‍ക്ക് ഒരു കോടി രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50 ലക്ഷം രൂപയുമാണ് ലഭിക്കുക.

63 നാള്‍ നീണ്ട കളിയാരവങ്ങള്‍ക്കാണ് ഇന്ന് കോഴിക്കോട് തിരശ്ശീല വീഴുന്നത്. സംസ്ഥാനത്തെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ ഏഴിന് കൊച്ചിയിലാണ് ആരംഭിച്ചത്. 30 ലീഗ് റൗണ്ട് മത്സരങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് നടന്ന ഒന്നാം സെമിയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ തോല്‍പ്പിച്ചാണ് കാലിക്കറ്റ് എഫ്‌സി ഫൈനലുറപ്പിച്ചത്. 2-1നായിരുന്നു കാലിക്കറ്റിന്റെ വിജയം. രണ്ടാം സെമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ വീഴ്ത്തി ഫോഴ്‌സ കൊച്ചിയും കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.

Also Read:

Football
ബ്രൈറ്റണ് മുന്നിലും രക്ഷയില്ലാതെ സിറ്റി; തുടര്‍ച്ചയായ നാലാം പരാജയം, 'ഗ്വാര്‍ഡിയോള യുഗ'ത്തില്‍ ആദ്യം

ലീഗിന്റെ തുടക്കം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. ഒന്നാംസ്ഥാനക്കാരായാണ് സെമിയിലെത്തിയത്. 20 ഗോളടിച്ചപ്പോള്‍ പത്തെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം ആദ്യ മത്സരത്തില്‍ പരാജയം വഴങ്ങിയ ഫോഴ്‌സ കൊച്ചി ഒന്ന് പതറിയതിന് ശേഷം പിന്നീട് ഫോമിലേക്കുയരുകയായിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളടിച്ചപ്പോള്‍ എട്ട് ഗോളുകള്‍ മാത്രമാണ് കൊച്ചി വഴങ്ങിയത്.

സൂപ്പര്‍ ലീഗില്‍ ഇതുവരെ ഇരുടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം പോരാട്ടത്തില്‍ വിജയം കാലിക്കറ്റ് പിടിച്ചെടുത്തിരുന്നു. സ്വന്തം തട്ടകത്തില്‍ കിരീടമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കാലിക്കറ്റ് ഇറങ്ങുന്നത്. എന്നാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഫൈനലില്‍ ഫോഴ്സ ബൂട്ടുകെട്ടുന്നത്.

Content Highlights: Super League Kerala Final: Calicut FC to face Forca Kochi FC

To advertise here,contact us