യുവേഫ ചാമ്പ്യന്സ് ലീഗില് റയല് മാഡ്രിഡിനെ പരാജയപ്പെടുത്തി ലിവര്പൂള്. ആന്ഫീല്ഡില് നടന്ന ബ്ലോക്ക്ബസ്റ്റര് പോരാട്ടത്തില് എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് നിലവിലെ ചാമ്പ്യന്മാരായ റയല് മാഡ്രിഡ് പരാജയം വഴങ്ങിയത്. ലിവര്പൂളിന് വേണ്ടി അലക്സിസ് മാക് അലിസ്റ്ററും കോഡി ഗാക്പോയും ഗോള് കണ്ടെത്തി.
UP THE REDS ✊🔴 #UCL pic.twitter.com/xF9gcTmMFe
റയല് കുപ്പായത്തില് നിരാശപ്പെടുത്തുന്നത് തുടരുകയാണ് സൂപ്പര് താരം കിലിയന് എംബാപ്പെ. മത്സരത്തില് നിര്ണായകമായ പെനാല്റ്റി നഷ്ടപ്പെടുത്തിയാണ് എംബാപ്പെ ഇത്തവണ നിറംമങ്ങിയത്. ലിവര്പൂളിന് അനുകൂലമായി ലഭിച്ച പെനാല്റ്റി സൂപ്പര് താരം മുഹമ്മദ് സലായും പെനാല്റ്റി നഷ്ടപ്പെടുത്തിയിരുന്നു.
മിന്നും ഫോമിലുള്ള റെഡ്സിനെതിരെ തീര്ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് റയല് കാഴ്ച വെച്ചത്. ഗോള്കീപ്പര് തിബോ കോര്ട്ടോയുടെ സേവുകളാണ് റയലിനെ വലിയ നാണക്കേടില് നിന്ന് രക്ഷിച്ചത്. കോര്ട്ടോയുടെ മികവ് മാത്രമായിരുന്നു ആദ്യ പകുതിയില് റയലിനെ ഗോള് വഴങ്ങാതെ നിലനിര്ത്തിയത്.
എന്നാല് രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ആന്ഫീല്ഡിനെ ആവേശത്തിലാക്കി റയലിന്റെ വലകുലുങ്ങി. 52-ാം മിനിറ്റില് കോണര് ബ്രാഡ്ലിയുടെ പാസില് നിന്ന് അലക്സിസ് മാക് അലിസ്റ്ററാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ സമനില പിടിക്കാനുള്ള സുവര്ണാവസരം റയലിന് ലഭിച്ചു. 59-ാം മിനിറ്റില് വാസ്കസിനെ ആന്ഡ്രൂ റോബര്ട്ട്സന് ഫൗള് ചെയ്തതിന് പെനാല്റ്റി. എന്നാല് പെനാല്റ്റി എടുത്ത എംബാപ്പെയുടെ കിക്ക് ഗോള്കീപ്പര് കെല്ലഹര് അനായാസം തടുത്തിട്ടു.
🛑🛑🛑 pic.twitter.com/bUR6j4xtT5
70-ാം മിനിറ്റില് ലീഡ് ഉയര്ത്താനുള്ള അവസരം ലിവര്പൂളും പാഴാക്കി. പെനാല്റ്റി കിക്കെടുക്കാനെത്തിയ മുഹമ്മദ് സലായ്ക്ക് ലക്ഷ്യം തെറ്റി പന്ത് പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. 76-ാം മിനിറ്റില് ലിവര്പൂള് രണ്ടാം ഗോളും കണ്ടെത്തി. ആന്ഡ്രൂ റോബര്ട്ട്സന്റെ അസിസ്റ്റില് കോഡി ഗാക്പോ നേടിയ ഗോളില് ലിവര്പൂള് വിജയമുറപ്പിച്ചു.
ഇതോടെ ഗ്രൂപ്പില് ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച ലിവര്പൂള് ഒന്നാം സ്ഥാനത്തും മോശം ഫോമിലുള്ള റയല് 24-ാം സ്ഥാനത്തുമാണ്. 15 പോയിന്റാണ് ലിവര്പൂളിന്റെ സമ്പാദ്യം. അഞ്ചില് മൂന്ന് മത്സരങ്ങളിലും പരാജയം വഴങ്ങിയ റയലിന് ആറ് പോയിന്റ് മാത്രമാണുള്ളത്.
Content Highlights: UEFA Champions League: Liverpool beats Real Madrid