തുടർച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയപ്പോൾ സൗദി പ്രോ ലീഗിൽ ഉജ്ജ്വല ജയം നേടി അൽ നസർ എഫ് സി. വെള്ളിയാഴ്ച ഡമാക് എഫ് സിക്ക് എതിരെ നടന്ന കളിയിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അൽ നസർ വിജയിച്ചത്. റൊണാൾഡോയാണ് ടീമിന്റെ രണ്ട് ഗോളുകളും നേടിയത്. 17-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ, 79-ാം മിനിറ്റിലാണ് രണ്ടാമത്തെ ഗോൾ സ്കോർ ചെയ്തത്. നേരത്തെ അൽ ഗരാഫക്ക് എതിരെ നടന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ക്രിസ്റ്റ്യാനോ ഇരട്ട ഗോളുകൾ നേടി തിളങ്ങിയിരുന്നു.
ക്രിസ്റ്റ്യാനോയുടെ കരിയറിലെ 170-മത്തെ പെനാൽറ്റി ഗോളായിരുന്നു ഡമാക് എഫ് സിക്ക് എതിരെ പിറന്നത്. ഈ കളിയിൽ ഇരട്ട ഗോളുകൾ നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയർ ഗോളുകളുടെ എണ്ണം 915 ആയി. ഈ സീസണിൽ രാജ്യത്തിനും ക്ലബ്ബിനുമായി 20 ഗോളുകളും നാല് അസിസ്റ്റുകളും റോണോ നേടിക്കഴിഞ്ഞു. 2024-25 സീസൺ സൗദി പ്രോ ലീഗിലെ ഗോൾ വേട്ടയിൽ ഇപ്പോൾ രണ്ടാമതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒമ്പത് ഗോളുകളാണ് ഇത്തവണ റോണോയുടെ സമ്പാദ്യം.
3 points, 2 goals and we keep going! pic.twitter.com/iea5YMUffm
അതേ സമയം ഡമാക് എഫ് സിക്ക് എതിരെ വിജയിച്ച അൽ നസർ സൗദി പ്രോ ലീഗിലെ കിരീട പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. നിലവിൽ 12 കളികളിൽ 25 പോയിന്റുമായി ലീഗിൽ മൂന്നാമതാണ് അൽ നസർ. ഏഴ് ജയവും നാല് സമനിലയും ഒരു തോൽവിയുമാണ് ഈ സീസണിൽ അൽ നസറിനുള്ളത്. 11 കളികളിൽ 30 പോയിന്റുള്ള അൽ ഇത്തിഹാദാണ് നിലവിൽ ലീഗിലെ ഒന്നാം സ്ഥാനക്കാർ. 11 മത്സരങ്ങളിൽ 28 പോയിന്റുള്ള അൽ ഹിലാൽ രണ്ടാം സ്ഥാനത്തുണ്ട്.
Content Highlights: Al-Nassr vs Damac