ലാസ്റ്റ് മിനിറ്റ് ത്രില്ലര്‍; ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി ന്യൂകാസില്‍ യുണൈറ്റഡ്

ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാ രണ്ട് ഗോളുകളടിച്ച് തിളങ്ങി.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ന്യൂകാസില്‍ യുണൈറ്റഡ്. ഇരുടീമുകളും മൂന്ന് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷത്തിലാണ് ന്യൂകാസില്‍ സമനില പിടിച്ചത്. ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാ രണ്ട് ഗോളുകളടിച്ച് തിളങ്ങി.

35-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഐസകിലൂടെ ന്യൂകാസിലാണ് ആദ്യം മുന്നിലെത്തിയത്. ബ്രൂണോ ഗ്വിമാരെസിന്റെ ത്രൂ ബോളില്‍ നിന്ന് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള സൂപ്പര്‍ ഫിനിഷിലൂടെയാണ് ഐസക് ഗോളടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കര്‍ട്ടിസ് ജോണ്‍സിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. 50-ാം മിനിറ്റില്‍ മുഹമ്മദ് സലായുടെ അസിസ്റ്റില്‍ നിന്നാണ് ലിവര്‍പൂളിന്റെ സമനില ഗോള്‍ പിറന്നത്.

The points are shared at St. James’ Park. #NEWLIV pic.twitter.com/WFueJwnnlV

62-ാം മിനിറ്റില്‍ ആന്തണി ഗോര്‍ഡണിലൂടെ ന്യൂകാസില്‍ ലീഡ് വീണ്ടും തിരിച്ചുപിടിച്ചു. 68-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ അസിസ്റ്റില്‍ നിന്ന് മുഹമ്മദ് സലാ ഗോള്‍ കണ്ടെത്തിയതോടെ ലിവര്‍പൂള്‍ വീണ്ടും ഒപ്പമെത്തി. 83-ാം മിനിറ്റില്‍ ഗോളടിച്ച് മുഹമ്മദ് സലാ തന്നെ ലിവര്‍പൂളിന് ലീഡ് സനമ്മാനിച്ചു.

അവസാന നിമിഷം വരെ വിജയഗോളിന് വേണ്ടി പരിശ്രമിച്ച ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. 90-ാം മിനിറ്റില്‍ ഫാബിയന്‍ ഷാറിലൂടെ ന്യൂകാസില്‍ സമനില പിടിച്ചു. ഈ സമനിലയോടെ 20 പോയിന്റുമായി പത്താം സ്ഥാനത്താണ് ന്യൂകാസില്‍. 14 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ഒന്നാമത് തുടരുകയാണ് ലിവര്‍പൂള്‍.

Content Highlights: Premier League: Newcastle 3-3 Liverpool

To advertise here,contact us