ഹാവിയര്‍ സിവേറിയോയ്ക്ക് ഡബിള്‍; ഐഎസ്എല്ലില്‍ പഞ്ചാബിനെ തകര്‍ത്ത് ജംഷഡ്പൂര്‍

ഹാവിയര്‍ സിവേറിയോയുടെ മികച്ച സ്‌ട്രൈക്കിലൂടെ ആതിഥേയരാണ് ആദ്യം ലീഡെടുത്തത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്‌സിക്കെതിരെ ജംഷഡ്പൂര്‍ എഫ്‌സിക്ക് വിജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ​ഗോളിനാണ് ജംഷഡ്പൂര്‍ വിജയം സ്വന്തമാക്കിയത്. ഹാവിയര്‍ സിവേറിയോയാണ് ജംഷഡ്പൂരിന്‍റെ രണ്ടുഗോളുകളും നേടി തിളങ്ങിയത്.

ആദ്യപകുതിയുടെ അധികസമയത്താണ് മത്സരത്തിലെ ആദ്യഗോള്‍ പിറക്കുന്നത്. ഹാവിയര്‍ സിവേറിയോയുടെ മികച്ച സ്‌ട്രൈക്കിലൂടെ ആതിഥേയരാണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പഞ്ചാബിന്റെ മറുപടിയെത്തി. 46-ാം മിനിറ്റില്‍ എസെക്വേല്‍ വിദാല്‍ പഞ്ചാബിന് വേണ്ടി സമനില ഗോള്‍ കണ്ടെത്തി.

Also Read:

Football
സലാ ദി സ്റ്റാര്‍; നവംബറിലെ പ്രിമിയര്‍ ലീഗ് താരം, റെക്കോര്‍ഡില്‍ റോണോയ്‌ക്കൊപ്പം

എങ്കിലും വിജയഗോളിന് വേണ്ടി ജംഷഡ്പൂര്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 84-ാം മിനിറ്റില്‍ ഹാവിയര്‍ സിവേറിയോയിലൂടെ ജംഷഡ്പൂര്‍ രണ്ടാം ഗോളും നേടി. നിഖില്‍ ബര്‍ലയുടെ കൃത്യമായ ക്രോസില്‍ നിന്ന് ഹെഡറിലൂടെയാണ് സിവേറിയോ വിജയഗോള്‍ അടിച്ചെടുത്തത്.

ജംഷഡ്പൂരിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ആറാം സ്ഥാനത്താണ് ജംഷഡ്പൂര്‍. 18 പോയിന്റുണ്ടെങ്കിലും ഗോള്‍വ്യത്യാസത്തില്‍ മുന്നിലുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്.

Content Highlights: ISL: Jamshedpur FC Triumphed Over Punjab FC

To advertise here,contact us