ഫിഫ ദ് ബെസ്റ്റ് 2024; വിനീഷ്യസ് മികച്ച പുരുഷ താരം; ബോണ്‍മറ്റി മികച്ച വനിതാ താരം

മികച്ച വനിതാ താരമായി ബാർസിലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മറ്റി തിരഞ്ഞെടുക്കപ്പെട്ടു

ഫിഫ ദ് ബെസ്റ്റ് 2024 മികച്ച പുരുഷ താരമായി ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും സൂപ്പർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയർ. ലയണൽ മെസ്സി,കീലിയൻ എംബാപ്പെ,എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം,റോഡ്രി തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ബ്രസീലിയൻ യുവതാരം നേട്ടം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനായി കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയ താരമാണ് വിനീഷ്യസ്.

മികച്ച വനിതാ താരമായി ബാർസിലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മറ്റി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് ബോൺമാറ്റിയുടെ പുരസ്കാര നേട്ടം. ഈ വർഷത്തെ ബലോൻ ദ് ഓര്‍ വനിതാ പുരസ്കാരവും ബോൺമാറ്റി സ്വന്തമാക്കിയിരുന്നു.

Also Read:

Football
ബ്രസീൽ ഫുട്‍ബോളിന്റെ പെരുമയും താളവും വീണ്ടെടുക്കണം; പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് റൊണാൾഡോ

ഫിഫ പുതുതായി ഏർപ്പെടുത്തിയ മാർത്ത പുരസ്കാരം ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത നേടി. 2024 ലെ വനിതാ ഫുട്ബോളിലെ മികച്ച ഗോളിനാണ് ഈ പുരസ്കാരം നൽകുന്നത്. സ്വന്തം പേരിലുള്ള പുരസ്കാരം നേടി എന്ന അപൂർവ്വ നേട്ടമാണ് താരം നേടിയത്.

മികച്ച പുരുഷ ഗോൾ കീപ്പർക്കുള്ള പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് വിജയിച്ചു. മൂന്നു വർഷത്തിനിടെ രണ്ടാം തവണയാണ് അർജന്റീന താരം ഗോൾ കീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. മികച്ച ഗോളിനുള്ള പുസ്കസ് പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന താരം അലെജാന്ത്രോ ഗർനാച്ചോ സ്വന്തമാക്കി.

Content Highlights: FIFA the best award

To advertise here,contact us