അന്ന് പയ്യനാട്ടില്‍ കേരളത്തിനെതിരെ, ഇന്ന് ബംഗാളിനെതിരെ കേരളത്തിനൊപ്പം;പരിശീലകൻ ബിബിക്കിത് രണ്ടാം കണ്ണീർ മടക്കം

ഐഎസ്എൽ മാതൃകയിൽ കേരളത്തിൽ നടന്ന പ്രഥമ സൂപ്പർ ലീഗിൽ കാലിക്കറ്റ് എഫ്‌സിയെ കിരീട ജേതാക്കളാക്കിയ പരിശീലകനാണ് ബിബി തോമസ്

ബംഗാളിന്റെ ഇഞ്ചുറി ഗോളിൽ സന്തോഷ് ട്രോഫി കിരീടം നഷ്ടമായ സങ്കടവുമായാണ് കേരളം ഒരു പുതിയ വർഷത്തെ വരവേൽക്കുന്നത്. അപരാജിതരായി ടൂർണമെന്റിൽ മുന്നേറിയ കേരളത്തിന് ഒടുവിൽ ചിര വൈരികളായ ബംഗാളിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. അങ്ങനെ ഗ്രൂപ്പ് ഘട്ടത്തിലടക്കം പത്ത് മത്സരങ്ങളിൽ നിന്ന് 35 തവണ എതിരാളികളുടെ വലകുലുക്കിയ കേരളം ഗോൾ കണ്ടെത്താത്ത ഏക മത്സരമായി ഈ ഫൈനൽ.

ഈ തോൽവിയിൽ മലയാളി ഫുട്ബാൾ ആരാധകരെ പോലെ തന്നെ ഏറ്റവും നിരാശയുണ്ടാവുക കേരളത്തിന്റെ പരിശീലകൻ ബിബി തോമസിനായിരിക്കും. ഐഎസ്എൽ മാതൃകയിൽ കേരളത്തിൽ നടന്ന പ്രഥമ സൂപ്പർ ലീഗിൽ കാലിക്കറ്റ് എഫ്‌സിയെ കിരീട ജേതാക്കളാക്കി എത്തിയ ബിബിക്ക് ഈ സന്തോഷ് ട്രോഫി അഭിമാന പോരാട്ടം കൂടിയായിരുന്നു. കിരീടം ചൂടിയ കാലിക്കറ്റ് എഫ്‌സിയുടെ പത്ത് താരങ്ങളുമായാണ് ബിബി എത്തിയിരുന്നത്.

Also Read:

Football
കണ്ണീർ മടക്കം;സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി; ബംഗാളിന് കിരീടം

ഇതിന് മുമ്പ് 2022 ൽ മഞ്ചേരിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഒടുവിൽ കേരളം കിരീടം ചൂടിയപ്പോഴും ബിബി പരിശീലകന്റെ റോളിൽ ഉണ്ടായിരുന്നു. എന്നാൽ അത് കിരീടം നേടിയ കേരളത്തിന്റെ പരിശീലകനായിരുന്നില്ലെന്ന് മാത്രം. അന്ന് തൃശൂർകാരൻ തന്നെയായ ബിനോ ജോർജായിരുന്നു കേരളത്തിന്റെ പരിശീലകൻ. സെമിയിൽ കേരളം തോൽപ്പിച്ച കർണാടകയുടെ കോച്ചായിരുന്നു ഇന്നത്തെ ബിബി തോമസ്.

ഗ്രൂപ്പ് എയിൽ അന്ന് ബംഗാൾ, പഞ്ചാബ്, മേഘാലയ, രാജസ്ഥാൻ ടീമുകളോട് എതിരിട്ട് അപരാജിതരായി എത്തിയ കേരളം സെമിഫൈനലിൽ ആദ്യ മിനിറ്റുകളിൽ പിറകെ പോയി. താരതമ്യേന ആവറേജ് താരങ്ങളുടെ നിരയെ ബിബി തോമസ് എന്ന പരിശീലകൻ സമർത്ഥമായി ഉപയോഗിച്ചതിൽ നിന്നായിരുന്നു കർണാടകയുടെ ഗോൾ ലീഡ് വന്നത്. എന്നാൽ സൂപ്പർ സബ്ബായി ഇറങ്ങിയ ജെസിൻ ടി കെ അന്ന് 5 ഗോളുകളുമായി സംഹാര താണ്ഡവമാടിയപ്പോൾ അവസാന വിസിലിൽ കേരളം ഫൈനലിലേക്ക് കടന്നത് മൂന്നിനെതിരെ ഏഴുഗോളുകൾക്കായിരുന്നു.

Also Read:

Sports Talk
മഞ്ചേരി ടു ഹൈദരാബാദ്; കേരളം വീണ്ടും 'സന്തോഷക്കപ്പി'ന് അരികിലെത്തുമ്പോള്‍...

അന്ന് കേരളത്തിന്റെ താരങ്ങളും ഗ്യാലറിയിലെ മുപ്പതിനായിരത്തോളം കാണികളും ആനന്ദ നൃത്തമാടിയപ്പോൾ പയ്യനാട് വീണത് ബിബി തോമസ് എന്ന പരിശീലകന്റെ കണ്ണീരായിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറം സ്വന്തം നാടിനെ പരിശീലിപ്പിച്ച് ഫൈനലിലെത്തിയപ്പോൾ വീണ്ടുമൊരു കണ്ണീർ കൂടി ബിബിയെ കടന്നു പോവുകയാണ്. എങ്കിലും ടീമിലെ ഓരോ താരങ്ങളെയും സമർത്ഥമായി ഉപയോഗിച്ച് സ്ഥിരം ഇലവനില്ലാതെ എതിരാളികളെ അറിഞ്ഞുള്ള ഇലവനിട്ട് ഫൈനൽ വരെ കേരളത്തെ മുന്നോട്ട് നയിച്ച ബിബിക്ക് അഭിമാനിക്കാം.

Content Highlights: Santosh Trophy Final: Kerala lose against Bengal, Bib thomas on second times

To advertise here,contact us