അത്‌ലറ്റിക് ബില്‍ബാവോയെ വീഴ്ത്തി; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ഫൈനലില്‍

സെമി ഫൈനലില്‍ അത്‌ലറ്റിക് ബില്‍ബാവോയെ തകര്‍ത്താണ് ബാഴ്‌സ ഫൈനലിസ്റ്റുകളായത്

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്‌സലോണ. സെമി ഫൈനലില്‍ അത്‌ലറ്റിക് ബില്‍ബാവോയെ തകര്‍ത്താണ് ബാഴ്‌സ ഫൈനലിസ്റ്റുകളായത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാഴ്‌സ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിലെത്തുന്നത്.

INTO THE SPANISH SUPER CUP FINAL! pic.twitter.com/dG7vMQopSu

ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് ബാഴ്‌സ സ്‌കോറിങ് തുറന്നത്. സ്പാനിഷ് ലെഫ്റ്റ് ബാക്ക് അലെജാന്‍ഡ്രോ ബാല്‍ഡെ നല്‍കിയ പാസില്‍ ഗാവിയാണ് ബാഴ്‌സയുടെ ആദ്യഗോള്‍ നേടിയത്. ലീഡ് ഇരട്ടിയാക്കാനുള്ള സുവര്‍ണാവസരങ്ങള്‍ റാഫീഞ്ഞയും ലാമിന്‍ യമാലും നഷ്ടപ്പെടുത്തിയതോടെ ആദ്യ പകുതി ബാഴ്‌സയുടെ ഒരു ഗോളിന് അനുകൂലമായി പിരിഞ്ഞു.

Also Read:

Football
ആഴ്‌സണലിന്റെ മണ്ണിൽ അവരുടെ ഇതിഹാസ താരത്തിന്റെ ഗോൾ സെലിബ്രേഷൻ അനുകരിച്ച് ന്യൂകാസിൽ താരം; വീഡിയോ

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സ ലീഡ് ഇരട്ടിയാക്കി. 52-ാം മിനിറ്റില്‍ യമാലിന്റെ ക്ലിനിക്കല്‍ ഫിനിഷാണ് ബാഴ്‌സയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. ഇത്തവണ ഗാവിയുടെ പാസാണ് ഗോളിന് വഴിയൊരുക്കിയത്. തിരിച്ചടിക്കാന്‍ ബില്‍ബാവോ കിണഞ്ഞുപരിശ്രമിച്ചെങ്കിലും രണ്ട് ഗോളുകള്‍ ഓഫ്‌സൈഡ് വിളിച്ചതോടെ പരാജയപ്പെട്ടു. ഇതോടെ ബാഴ്‌സ വിജയവും ഫൈനല്‍ യോഗ്യതയും ഉറപ്പിച്ചു.

സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡും മയ്യോര്‍ക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയെ ആയിരിക്കും ബാഴ്‌സ ഫൈനലില്‍ നേരിടുക. ജനുവരി പത്ത് 12.30നാണ് റയലും മയ്യോര്‍ക്കയും ഏറ്റുമുട്ടുക.

Content Highlights: Spanish Super Cup semifinal: Yamal, Gavi score as Barcelona beats Athletic Club to enter final

To advertise here,contact us