മെസ്സിയുമായുള്ള താരതമ്യത്തിൽ മാത്രമല്ല; ചരിത്രത്തിൽ തന്നെ ഞാനാണ് മികച്ച ഫുട്ബോളർ; ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും മികച്ചവൻ താൻ തന്നെയാണെന്ന് വ്യക്തമാക്കിയ റൊണാൾഡോ ചരിത്രത്തിലും തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി

ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ നിലവിൽ ഫുട്ബോൾ കളിക്കുന്നവരിൽ മികച്ചവൻ എന്ന ചോദ്യവും ചർച്ചയും ഇരുവരും പന്ത് തട്ടാൻ തുടങ്ങിയത് മുതൽ തന്നെ ആരംഭിച്ച ഒന്നാണ്. ബാലൺഡിയോർ കണക്കുകളിലും ഗോളെണ്ണത്തിലും തുടങ്ങുന്ന താരതമ്യങ്ങൾ ഒടുവിൽ എവിടെയുമെത്താറില്ല എന്നതാണ് വാസ്തവം. എന്നാൽ 2022 ലോകകപ്പ് കിരീടം മെസ്സി അർജന്റീനയ്ക്ക് വേണ്ടി നേടികൊടുത്തതോടെ പലരും മികച്ചവൻ എന്നതിനുള്ള ഉത്തരം മെസ്സിയിൽ തീർപ്പുകൽപ്പിച്ചിരുന്നു. എന്നാൽ നിലവിൽ ഈ ചോദ്യത്തിനുള്ള ഉത്തരം സ്വയം പറഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ലോകത്തിലെ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും മികച്ചവൻ താൻ തന്നെയാണെന്ന് വ്യക്തമാക്കിയ റൊണാൾഡോ ചരിത്രത്തിലും തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. 'ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഇക്കാര്യത്തെ ഞാൻ ബഹുമാനത്തോടെ കാണും. പക്ഷെ, ഏറ്റവും സമ്പൂർണ്ണനായ കളിക്കാരൻ ഞാനാണ്. ഫുട്‌ബോൾ ചരിത്രത്തിൽ എന്നേക്കാൾ മികച്ചൊരാളെ കണ്ടിട്ടില്ല. ഹൃദയത്തിൽ തൊട്ടാണ് ഇക്കാര്യം പറയുന്നത്'-റോണോ ചോദ്യത്തിന് മറുപടിയായി പറഞ്ഞു

Also Read:

Football
പ്രീമിയർ ലീ​ഗ് പോരാട്ടം കടുപ്പിച്ച് ആഴ്സണൽ; മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു

അഭിമുഖത്തിൽ മെസ്സിയോടുള്ള സൗഹൃദത്തെ കുറിച്ചും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഒന്നര വർഷത്തോളം എതിരാളിയായി കളിച്ചിട്ടും മോശമായി ഞങ്ങൾക്കിടയിൽ ഒന്നുമുണ്ടായില്ലെന്നും പോർച്ചുഗീസ് താരം പറഞ്ഞു. ബാഴ്‌സലോണയിൽ കളിക്കാൻ ഇഷ്ടമായിരുന്നുവെന്നും അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കി. റയലിനായി കളിച്ചപ്പോൾ അവർ എനിക്കെതിരെ ചീത്തവിളിക്കുകയൂം അപമാനിക്കുകയും ചെയ്തു, എന്നാൽ എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂവെന്നും പരിഭവമില്ലെന്നും റൊണാൾഡോ പറഞ്ഞു.

Content Highlights:  Cristiano Ronaldo Makes big Statement; he is the best footballer in history

To advertise here,contact us