'റൊണാൾഡോയുടെ കാലഘട്ടത്തിൽ ഫുട്ബോളിന്റെ മാന്ത്രിക ദണ്ഡുമായി മറ്റൊരാൾ ജനിച്ചു': ഏയ്ഞ്ചൽ ഡി മരിയ

കണക്കുകൾ വെച്ചാണ് താൻ സംസാരിക്കുന്നതെന്ന റൊണാൾഡോയുടെ പ്രസ്താവനയോട്, മറ്റു ചില യഥാര്‍ത്ഥ കണക്കുകള്‍ കൂടിയുണ്ട് എന്നായിരുന്നു ഡി മരിയയുടെ മറുപടി

താനാണ് ഏറ്റവും മികച്ച ഫുട്ബോളർ എന്ന പോർച്ചു​ഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി അർജന്റീന മുൻ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോ പറഞ്ഞതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. ഞാൻ റൊണാൾഡോയ്ക്കൊപ്പം നാല് വർഷം കളിച്ചിരുന്നു. എപ്പോഴും മികച്ച ഫുട്ബോൾ താരമാകാൻ റൊണാൾഡോ ശ്രമിച്ചിരുന്നു. താനാണ് മികച്ച ഫുട്ബോൾ താരമെന്ന് റൊണാൾഡോ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. പക്ഷേ റൊണാൾഡോ ജനിച്ച സമയം ഒരൽപ്പം തെറ്റിപ്പോയി. ആ കാലഘട്ടത്തിൽ തന്നെ ഫുട്ബോളിന്റെ മാന്ത്രിക ദണ്ഡുമായി മറ്റൊരാൾ ജനിച്ചു. ഒരു അർജന്റീനൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയെ ഉദ്ദേശിച്ചായിരുന്നു ഡി മരിയയുടെ പ്രസ്താവന.

യാഥാർത്ഥ്യം കണക്കിലുണ്ട്. ഒരാൾക്ക് എട്ട് ബലോൻ ദ് ഓർ നേട്ടമുണ്ട്. മറ്റൊരാൾക്ക് അഞ്ച് ബലോൻ ദ് ഓർ ഉണ്ട്. അത് വലിയൊരു വ്യത്യാസമാണ്. ഒരു ലോകചാംപ്യൻ, രണ്ട് കോപ്പ കിരീടങ്ങൾ എന്നിവ നേടിയ ഒരാൾ, ഈ നേട്ടങ്ങൾ ഇല്ലാത്ത ഒരാളിൽ നിന്ന് വലിയ വ്യത്യാസമുണ്ട്. ഇതുപോലെ ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. അതിൽ യാതൊരു സംശയവുമില്ല. ഡി മരിയ പ്രതികരിച്ചു.

Also Read:

Cricket
28 റൺസിനിടെ വീണത് ഏഴ് വിക്കറ്റുകൾ; ഓസീസിനെതിരെ എക്കാലത്തേയും വലിയ വിജയവുമായി ശ്രീലങ്ക

ഈ തലമുറയിൽ ഫുട്ബോൾ താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് താനെന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രസ്താവന. കണക്കുകൾ വെച്ചാണ് ഞാൻ സംസാരിക്കുന്നത്. ഫുട്ബോൾ ഞാൻ എല്ലാം മികച്ച രീതിയിൽ ചെയ്തു. ഹെഡർ, ഫ്രീകിക്ക്, ഇടത്തേക്കാൽ, വേ​ഗത, കരുത്ത് എല്ലാത്തിലും ഞാൻ മികച്ചതാണ്. നിങ്ങൾക്ക് മെസ്സി, പെലെ, മറഡോണ എന്നിവരെയൊക്കെ ഇഷ്ടമായിരിക്കും. അത് ഞാൻ അം​ഗീകരിക്കുന്നു. എന്നാൽ ഞാൻ മികച്ച ഫുട്ബോൾ താരമല്ലെന്ന് പറയരുത്. ഞാനാണ് ഏറ്റവും മികച്ച ഫുട്ബോൾ താരം. എന്നെക്കാൾ മികച്ച താരമായി മറ്റൊരാളില്ല. ഹൃദയത്തിൽ നിന്നാണ് ഞാൻ ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം സ്പാനിഷ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പ്രതികരിച്ചു.

അർജന്റീനൻ ദേശീയ ടീമിൽ 14 വർഷത്തോളം ഒരുമിച്ച് കളിച്ചവരാണ് ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും. 2008ലെ ബെയ്ജിങ് ഒളിംപിക്സ് സുവർണനേട്ടം മുതൽ 2024ൽ കോപ്പ അമേരിക്ക നേട്ടം വരെ ഇരുവരും ഒരുമിച്ച് ആഘോഷിച്ചു. 2024ലെ കോപ്പ നേട്ടത്തോടെ ഡി മരിയ അർജന്റീൻ ദേശീയ ടീമിൽ നിന്ന് വിരമിച്ചു. മെസ്സി ഇപ്പോഴും കളി തുടരുകയാണ്. 2010 മുതൽ 2014 വരെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനായി കളിച്ച കാലത്താണ് എയ്ഞ്ചൽ ഡി മരിയയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ച് കളിച്ചത്.

Content Highlights: Di Maria tears Lionel Messi vs Cristiano Ronaldo debate to shreds

To advertise here,contact us