15 മിനിറ്റിൽ ഹാട്രിക് നേടി മാഞ്ചസ്റ്റർ സിറ്റിയുടെ പുതുതാരം; ഒപ്പം ചരിത്രത്തിന്റെ ഭാഗമായി ഗോൾകീപ്പറും

മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിലിനെ പരാജയപ്പെടുത്തി

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ പുതിയ ചരിത്രം എഴുതിക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ഒമർ മാർമൗഷും ​ഗോൾകീപ്പർ എൻഡേഴ്സണും. 15 മിനിറ്റിനുള്ളിൽ ഹാട്രിക് നേടിയാണ് മാർമൗഷ് ചരിത്രനേട്ടം കുറിച്ചത്. ന്യൂകാസിലിനെതിരായ മത്സരത്തിൽ 19, 24, 33 മിനിറ്റുകളിലാണ് താരം വലചലിപ്പിച്ചത്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ മൂന്നാമത്തെ മാത്രം മത്സരത്തിലാണ് മാർമൗഷ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ഇതിൽ ആദ്യ ​ഗോളിന് ​ഗോൾകീപ്പർ എൻഡേഴ്സൺ ആണ് അസിസ്റ്റ് നൽകിയത്. പ്രീമിയർ ലീ​ഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ ​ഗോൾകീപ്പറെന്ന നേട്ടവും എൻഡേഴ്സൺ സ്വന്തമാക്കി. ഈ സീസണിൽ മാത്രം മൂന്ന് അസിസ്റ്റുകളാണ് സിറ്റി ​ഗോൾകീപ്പർ നൽകിയത്.

മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിലിനെ പരാജയപ്പെടുത്തി. 84-ാം മിനിറ്റിൽ ജെയിംസ് മക്കാറ്റി സിറ്റിക്കായി നാലാം ​ഗോൾ നേടി. ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് സിറ്റി മുന്നിലായിരുന്നു. എൻഡേഴ്സണെ കൂടാതെ ഇക്കായി ​ഗുണ്ടോ​ഗൻ, സാവിഞ്ഞോ എന്നിവർ ​ഗോളുകൾക്ക് അസിസ്റ്റ് നൽകി.

Also Read:

Cricket
പോരാട്ടം അവസാന പന്ത് വരെ; മുംബൈയെ വീഴ്ത്തി ഡൽഹിക്ക് വിജയത്തുടക്കം

വിജയത്തോടെ പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയരാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചു. 25 മത്സരങ്ങളിൽ നിന്ന് 44 പോയിന്റാണ് സിറ്റിക്കുള്ളത്. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 24 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. 25 മത്സരങ്ങളിൽ നിന്ന് 53 പോയിന്റ് നേടിയ ആഴ്സണൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. കിരീടപോരാട്ടത്തിൽ ലിവർപൂളുമായുള്ള വ്യത്യാസം നാല് പോയിന്റായി കുറയ്ക്കാൻ ലെസ്റ്റർ സിറ്റിക്കെതിരായ വിജയത്തോടെ ആഴ്സണലിന് കഴിഞ്ഞു.

Content Highlights: Ederson makes history as Omar Marmoush bags hat-trick in 15 minutes for Man City

To advertise here,contact us