'വലിയ ആരാധകരാണ് അവിടെയുള്ളത്, കോഴിക്കോട് കളിക്കാൻ ബ്ലാസ്റ്റേഴ്സിന് ആ​ഗ്രഹമുണ്ട്': അഭിക് ചാറ്റർജി

'ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട്ടും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്'

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ പ്രതികരണവുമായി ക്ലബ് മാനേജ്മെന്റ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ക്ലബ് സി ഇ ഒ അഭിക് ചാറ്റർജിയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.

'ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട്ടും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. കോഴിക്കോട്ട് മത്സരങ്ങൾ നടത്തിക്കഴിഞ്ഞാൽ കൂടുതൽ ആരാധകരെ ക്ലബിലേക്ക് ആകർഷിക്കാൻ കഴിയും. ഇക്കാര്യം ഐഎസ്എൽ അധികൃതരുമായി സംസാരിച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട്ടേയ്ക്ക് എത്തുമെന്ന് ഉറപ്പ് പറയാൻ കഴിയില്ല. ഐഎസ്എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിവിധ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. അത് ക്ലബിന്റെ ആരാധകവൃത്തം വർദ്ധിപ്പിക്കുന്നു. അത്തരമൊരു ആശയമാണ് ബ്ലാസ്റ്റേഴ്സിന്റെ മനസിലുമുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ശരിയാകേണ്ടതുണ്ട്. കോഴിക്കോട് കളിക്കാൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹമുണ്ട്. തടസങ്ങൾ മാറിയാൽ വരുന്ന സീസണിൽ കോഴിക്കോട് കളിക്കാൻ കഴിയും.' അഭിക് ചാറ്റർജി പ്രതികരിച്ചു.

സ്പെയ്നിലെ കാറ്റലോണിയൻ പ്രവിശ്യയുടെ തലസ്ഥാന ന​ഗരമായ ബാഴ്സലോണയിൽ നിന്നാണ് ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ഏപ്രിൽ 21ന് ആരംഭിക്കുന്ന സൂപ്പർ കപ്പിലാണ് ബ്ലാസ്റ്റേഴ്സ് സം​ഘത്തെ ഡേവിഡ് കറ്റാല ആദ്യം പരിശീലിപ്പിക്കുക. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തായിരുന്നു. സൂപ്പർ കപ്പിൽ സ്പാനിഷ് പരിശീലകന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരവിന് കഴിയുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

Content Highlights: Kerala Blasters CEO opens up their wish to play Kozhikode

To advertise here,contact us