ബാഴ്സലോണ-റയൽ മാഡ്രിഡ് ടീമുകൾ തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടം ഫുട്ബോൾ ആരാധകർക്ക് എന്നും അപൂർവമായ ആഘോഷ നിമിഷങ്ങളാണ്. എന്നാൽ അത് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിലായാലോ? ഈ ആവേശം ഇരട്ടിക്കും. അങ്ങനെയൊരു അസുലഭ നിമിഷത്തിനാണ് നാളെ പുലർച്ചെ ഫുട്ബോൾ ലോകം സാക്ഷിയാകുന്നത്.
കോപ ഡെൽ റേ ഫൈനലിൽ ഇരുടീമുകളും ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ച 1.30ന് നടക്കുന്ന കലാശക്കളിയിൽ ഏറ്റുമുട്ടും. ലാ ലിഗയിലും കിരീട പോരാട്ടത്തിലാണ് ഇരുടീമുകളും. 33 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബാഴ്സയ്ക്ക് 76 പോയിന്റും റയലിന് 72 പോയിന്റുമാണുള്ളത്.
ബാഴ്സലോണ നാല് പോയന്റുകൾക്ക് മുന്നിലാണ്. അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്റർ മിലാനെ നേരിടാനൊരുങ്ങുന്ന ബാഴ്സയും പുതിയ കോച്ച് ഹാൻസി ഫ്ലിക്കും ഈ സസീണിൽ ഹാട്രിക് കിരീടങ്ങളാണ് പ്രതീക്ഷിക്കുന്നത്. റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്സണലിനോട് തോറ്റ് പുറത്തായിരുന്നു.
അതേസമയം ജനുവരിയിൽ നടന്ന സൂപ്പർ കപ്പ് ഫൈനലിൽ റയലിനെ 5-2 ന് ബാഴ്സ തകർത്തിരുന്നു. ഒക്ടോബറിൽ ലാലിഗയിൽ 4-0നായിരുന്നു ബാഴ്സയുടെ ജയം. 2014ന് ശേഷം ആദ്യമായാണ് ഫൈനലിൽ ഇരുടീമുകളും കൊമ്പുകോർക്കുന്നത്.
Content Highlights: copa del rey final; barcelona vs realmadrid