സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡും കിരീടവും സ്വന്തമാക്കിയ ടീമാണ് ബഗാൻ. സൂപ്പർ കപ്പിൽ നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാളിനെ തകർത്ത ആത്മവിശ്വാസത്തിലാണ് കലിംഗ സ്റ്റേഡിയത്തിൽ കൊമ്പന്മാർ ഇറങ്ങുന്നത്. ഐ എസ് എല്ലിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ ക്ഷീണം തീർക്കുക കൂടിയാണ് ലക്ഷ്യം.
അതേ സമയം ബ്ലാസ്റ്റേഴ്സിൽ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. ഐ എസ് എൽ സീസണിന് ശേഷം പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയ ബഗാൻ നിരയിൽ പക്ഷെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും കളിക്കുന്നുണ്ട്. പോർച്ചുഗീസുകാരൻ ഡിഫൻഡർ നൂനോ റെയ്സാണ് ബാഗാന്റെ ഏക വിദേശതാരം.
അതേ സമയം കണക്കുകകളിലും കടലാസിലും ഏറെ മുന്നിലാണ് ബഗാൻ. ഐ എസ് എല്ലിൽ ഈ സീസണിൽ രണ്ട് തവണ ബഗാനോട് ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്സിന് തോൽവിയായിരുന്നു. ആകെ പത്ത് തവണയാണ് ഇരു ടീമുകളും കളിച്ചത്. എട്ടിലും ബഗാൻ ജയിച്ചു. ഒന്നിൽ ബ്ലാസ്റ്റേഴ്സും. വൈകീട്ട് 4.30നാണ് ബ്ലാസ്റ്റേഴ്സ്- ബഗാൻ മത്സരം. 8.30ന് മറ്റൊരു ക്വാർട്ടറിൽ എഫ്സി ഗോവ ഐ ലീഗ് ടീമായ പഞ്ചാബ് എഫ് സിയെ നേരിടും.
Content Highlights: Kerala Blasters Vs Mohun Bagan; super cup Quarter-final