വൻകരമേളയിൽ വലിയ പ്രതീക്ഷകൾ; ഏഷ്യൻ ഗെയിംസിൽ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും ഫൈനലിൽ

ഫൈനലിന് കാത്തിരിക്കുന്നതായി ശ്രീശങ്കറിന്റെ മാതാവ് ബിജിമോൾ കോഫി വിത്ത് സുജയയിൽ റിപ്പോർട്ടറിനോട്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും ഫൈനലിന് യോഗ്യത നേടി. പുരുഷന്മാരുടെ ലോങ് ജമ്പിലാണ് മലയാളി താരം മുരളീ ശ്രീശങ്കർ ഫൈനലിൽ കടന്നത്. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ ഫൈനലിന് യോഗ്യത നേടിയത്. ഇതേ വിഭാഗത്തിൽ ജെസ്വിൻ ആൽഡ്രിനും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ആദ്യ രണ്ട് ശ്രമങ്ങളും ഫൗളായ ശേഷം അവസാന ചാട്ടത്തിലാണ് ജെസ്വിൻ ഫൈനലിന് യോഗ്യത നേടിയത്.

ശ്രീശങ്കറിന്റെ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് അമ്മ ബിജിമോൾ റിപ്പോർട്ടറിനോട് പറഞ്ഞു. കോഫി വിത്ത് സുജയയിലാണ് അമ്മയുടെ പ്രതികരണം. മകൻ ജമ്പ് ചെയ്ത ഉടൻ തന്നെ ശ്രീശങ്കറിന്റെ പിതാവ് ഫോണിൽ വിളിച്ചെന്ന് ബിജിമോൾ പറഞ്ഞു. ചൈനയിൽ കാലാവസ്ഥ മോശമെന്നും മഴയെന്നതും ആശങ്കവാഹമാണ്. കാറ്റിന്റെ ദിശയും പ്രതികൂലമാണ്. നാളെ നടക്കുന്ന ഫൈനലിന് എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും ബിജിമോൾ പറഞ്ഞു.

ഏഷ്യൻ ഗെയിംസിന്റെ ഫൈനലിൽ ഏറെ പ്രതീക്ഷയുണ്ട്. സാധാരണ നിലയിൽ യോഗ്യതാ റൗണ്ട് മത്സരങ്ങൾ തത്സമയം കാണിക്കാറില്ല. താൻ ആ സമയത്ത് അമ്പലത്തിലായിരുന്നു. അവിടെ വെച്ചാണ് തനിക്ക് സന്ദേശം ലഭിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ആകാംഷയോടെ ഫൈനലിനായി കാത്തിരിക്കുകയാണെന്നും ബിജിമോൾ റിപ്പോർട്ടറിനോട് പറഞ്ഞു.

1500 മീറ്റർ ഓട്ടമത്സരത്തിലാണ് കേരളത്തിന്റെ മറ്റൊരു പ്രതീക്ഷ. മലയാളി താരം ജിൻസൺ ജോൺസൺ ഫൈനലിന് യോഗ്യത നേടി. മൂന്ന് മിനിറ്റും 56 സെക്കന്റും കൊണ്ടാണ് മലയാളി താരം ഓടിയെത്തിയത്. ഇതേ ഇനത്തിൽ അജയ് കുമാർ സരോജും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us