മുംബൈ: ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന ദിവസമാണ് നവംബർ 19. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ കപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും. ലോകകപ്പ് ആരവങ്ങൾക്കിടയിൽ മത്സരവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ പങ്കുവെച്ച കുറിപ്പും അതിനുള്ള ആരാധകരുടെ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.
കഴിഞ്ഞ ദിവസങ്ങളിലാണ് ബച്ചൻ എക്സിലൂടെ പോസ്റ്റുകൾ പങ്കുവെച്ചത്. താൻ കാണാത്ത മത്സരങ്ങളിൽ ഇന്ത്യ ജയിക്കുന്നു എന്നായിരുന്നു ബിഗ് ബിയുടെ ആദ്യ പോസ്റ്റ്.
T 4831 - when i don't watch we WIN !
ഇന്ത്യ-ന്യൂസിലാൻഡ് സെമി ഫൈനലിന്റെ അടുത്ത ദിവസമായിരുന്നു ബച്ചൻ ഇക്കാര്യം കുറിച്ചത്. പിന്നാലെ കളി കാണണോ വേണ്ടയോ എന്ന ചിന്തയിലാണ് താനെന്ന് അടുത്ത പോസ്റ്റിൽ കുറിച്ചു.
T 4832 - अब सोच रहा हूँ, जाऊँ की ना जाऊँ !
ബച്ചന്റെ പോസ്റ്റ് വൈറലാവുകയും താരം കളി കാണരുതെന്ന് ആവശ്യവുമായി ക്രിക്കറ്റ് ആരാധകർ രംഗത്തെത്തുകയും ചെയ്തു. 'ഒരു ത്യാഗം കൂടി ചെയ്യൂ... ദയവായി ഫൈനലിൽ നിന്ന് വിട്ടു നിൽക്കൂ', എന്നാണ് ഒരു ആരാധകൻ കുറിച്ചത്. വീടിനകത്ത് തന്നെ ഇരിക്കാൻ ഒരാൾ ആവശ്യപ്പെട്ടപ്പോൾ വിദൂര ദ്വീപിൽ പൂട്ടിയിടാമെന്നാണ് മറ്റൊരാളുടെ നിർദേശം. നേരത്തെ ഇന്ത്യയുടെ ഫൈനൽ മത്സരങ്ങൾ താൻ കണ്ടാൽ തോൽക്കുമെന്ന അന്ധവിശ്വാസം കൊണ്ട് അമിതാഭ് ബച്ചൻ മത്സരം കാണാറില്ലെന്ന് അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു.
ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനല് ദിനത്തിൽ ഡൽഹിയിൽ 'ഡ്രൈ ഡേ'; കാരണം ഛത്ത് പൂജ
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ- ഓസിസ് ഫൈനൽ നടക്കുന്നത്.