മലാഗ: ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ രണ്ട് തവണ തോൽപ്പിച്ച് ജാനിക് സിന്നർ. ഡേവിസ് കപ്പ് സെമി ഫൈനലിനിടെയാണ് അപൂർവ്വ നേട്ടം സിന്നർ സ്വന്തമാക്കിയത്. ആദ്യം സിംഗിൾസിലും പിന്നീട് ഡബിൾസിലും ജോക്കോവിച്ചിനെ സിന്നർ പരാജയപ്പെടുത്തി. ഇതോടെ സെർബിയയെ തോൽപ്പിച്ച് 25 വർഷത്തിന് ശേഷം ഇറ്റലി ഡേവിസ് കപ്പിന്റെ സെമിയിൽ കടന്നു. ഡേവിസ് കപ്പ് സിംഗിൾസിൽ 21 തുടർവിജയങ്ങളെന്ന ജോക്കോവിച്ചിന്റെ റെക്കോർഡും തകർന്നുവീണു.
സിംഗിൾസിൽ 6-2, 2-6, 7-5 എന്ന പോയിന്റിനായിരുന്നു സിന്നറിന്റെ വിജയം. ഡബിൾസിൽ ലോറെൻസോ സോനെഗോയോടൊപ്പം ചേർന്നാണ് സിന്നർ, ജോക്കോവിച്ച്-മിയോമിർ കെക്മാനോവിച്ച് സഖ്യത്തെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ സഖ്യത്തിന്റെ വിജയം. സ്കോർ 6-3, 6-4.
All about the team, @MattBerrettini 🫂 @janniksin #DavisCupFinals | @federtennis pic.twitter.com/oeqDJeoX3u
കഴിഞ്ഞ 12 ദിവസത്തിൽ മൂന്നാം തവണയാണ് സിന്നറും ജോക്കോവിച്ചും നേർക്കുനേർ വരുന്നത്. എടിപി വേൾഡ് ടൂർ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജോക്കോവിച്ചിനായിരുന്നു ജയം. ഡേവിസ് കപ്പിന്റെ ഫൈനലിൽ ഇറ്റലി, ഓസ്ട്രേലിയയെ നേരിടും.