'ഗുസ്തി താരങ്ങൾ ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയവർ'; പിന്തുണയറിയിച്ച് മുരളി ശ്രീശങ്കർ

ഇത്തരം സംഭവങ്ങൾ പുതിയ തലമുറയെ കായികമേഖലയിൽ നിന്ന് അകറ്റുമെന്നും ശ്രീശങ്കർ റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു

പാലക്കാട്. സാക്ഷി മാലിക്, ബജ്റംഗ് പൂനിയ പോലുള്ള സീനിയർ താരങ്ങൾ കരിയർ ഉപേക്ഷിക്കുന്നതിൽ സങ്കടമുണ്ടെന്ന് മലയാളി ലോങ്ജമ്പ് താരവും അർജുന അവാർഡ് ജേതാവുമായ മുരളി ശ്രീശങ്കർ. ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ താരങ്ങളാണവർ. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണം. ഇത്തരം സംഭവങ്ങൾ പുതിയ തലമുറയെ കായികമേഖലയിൽ നിന്ന് അകറ്റുമെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം റിപ്പോർട്ടർ ടി വിയോട് പറഞ്ഞു.

ബജ്റംഗ് പൂനിയ പദ്മശ്രീ തിരിച്ചുവച്ചു; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ

അർജുന അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും മുരളി ശ്രീശങ്കർ റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. കേരളത്തിലും കായിക നയം പ്രഖ്യാപിക്കണം. പുത്തൻ തലമുറയിൽ ഒരുപാട് നല്ല താരങ്ങളുണ്ട്. അവർക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും ശ്രീശങ്കർ കൂട്ടിച്ചേർത്തു.

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു; തീരുമാനം സഞ്ജയ് കുമാര് സിങ്ങിന്റെ വിജയത്തിന് പിന്നാലെ

കഴിഞ്ഞ ദിവസം ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൺ പാനലിലെ സഞ്ജയ് സിംഗ് വിജയിച്ചതിന് പിന്നാലെയാണ് സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചത്. വാർത്താ സമ്മേളനത്തിൽ വികാരഭരിതമായാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. പദ്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ തിരികെവച്ച് ബജ്റംഗ് പൂനിയയും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

To advertise here,contact us