മെഡല്‍ ഇടിച്ചിടാന്‍ നിഖാത് സരീന്‍; ബോക്‌സിങ്ങില്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി

വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ജര്‍മ്മനിയുടെ മാക്‌സി ക്ലോറ്റ്‌സറിനെയാണ് സരീന്‍ പരാജയപ്പെടുത്തിയത്

പാരിസ്: ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നിഖാത് സരീന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ജര്‍മ്മനിയുടെ മാക്‌സി ക്ലോറ്റ്‌സറിനെയാണ് സരീന്‍ പരാജയപ്പെടുത്തിയത്. 5-0 എന്ന സ്‌കോറിനാണ് രണ്ടുതവണ ലോക ചാമ്പ്യനായ സരീന്റെ മുന്നേറ്റം.

ആദ്യ റൗണ്ടില്‍ 3-2 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷമാണ് സരീന്‍ വിജയം പിടിച്ചെടുത്തത്. പിന്നീടുള്ള രണ്ട് റൗണ്ടുകളും 10-9ന് ജയിച്ചാണ് ഇന്ത്യന്‍ താരം മുന്നേറിയത്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനയുടെ വു യുവിനെയാണ് സരീന്‍ നേരിടുക.

അതേസമയം പുരുഷ വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ ശരത് കമല്‍ തോല്‍വി വഴങ്ങി പുറത്തായി. ലോക റാങ്കിങ്ങില്‍ 40-ാമതുള്ള ശരത് കമല്‍ സ്ലൊവേനിയന്‍ താരം ഡെനി കൊസുലിനോട് 2-4നാണ് പരാജയം വഴങ്ങിയത്.

To advertise here,contact us