പാരിസ് ഒളിംപിക്സിൽ ഹോക്കിയിൽ രണ്ടാം അങ്കത്തിന് ഇന്ത്യ; അർജന്റീന എതിരാളി

വിജയത്തുടർച്ച തേടിയായിരിക്കും ഇന്ത്യ ഇറങ്ങുക

പാരിസ്: ന്യൂസിലാൻഡിനെതിരെ ആദ്യ മത്സരം വിജയിച്ച് തുടങ്ങിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഇന്ന് രണ്ടാം മത്സരം. അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി. വിജയത്തുടർച്ച തേടിയായിരിക്കും ഇന്ത്യ ഇറങ്ങുക. കരുത്തരായ ബെൽജിയം, ഓസ്ട്രേലിയ എന്നിവരുള്ള ഗ്രൂപ്പിൽ വിജയവുമായി അടുത്ത ഘട്ടം ഉറപ്പിക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.

ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബെൽജിയത്തിന് പിറകിൽ രണ്ടാമതാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ അർജന്റീനയെയും അടുത്ത മത്സരത്തിൽ അയർലൻഡിനെയും കീഴടക്കിയാൽ ഇന്ത്യക്ക് ക്വാർട്ടർ സാധ്യതകൾ സജീവമായി നിലനിർത്താം. പന്ത്രണ്ട് ടീമുകളുള്ള ടൂർണമെന്റിൽ രണ്ട് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ടം. ഇരുഗ്രൂപ്പിൽ നിന്നും നാല് ടീമുകൾ വീതം ക്വാർട്ടറിൽ യോഗ്യത നേടും. ഇന്ത്യൻ സമയം വൈകിട്ട് 4.15നാണ് മത്സരം ആരംഭിക്കുന്നത്. സ്പോര്ട്സ് 18ലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.

To advertise here,contact us