നീതിക്കായി ഗുസ്തി താരങ്ങൾക്കൊപ്പം; മെഡല്‍ നേട്ടത്തിനൊപ്പം ചർച്ചയായി മനു ഭാകറിന്‍റെ ട്വീറ്റും

പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കൊപ്പം നിന്ന ഒരാളാണ് മനു ഭാകർ

പാരിസ്: പാരിസ് ഒളിംപിക്സിൽ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ വെങ്കലം നേടി ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മനു ഭാകർ. ഈ ഒളിംപിക്സിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘവുമായി എത്തിയ ഇന്ത്യൻ സംഘത്തിനും വലിയ ആത്മവിശ്വാസമേകുന്നതായിരുന്നു ഈ മെഡൽ നേട്ടം. 15 ഇനങ്ങളിലായി മത്സരിക്കുന്ന ഇന്ത്യയുടെ 21 ഷൂട്ടർമാർക്കും ആത്മവിശ്വാസം ഏറെ നൽകുന്നു ഈ നേട്ടം.

ഒളിംപിക്സ് ഷൂട്ടിങ്ങിലെ വെങ്കല നേട്ടത്തിനൊപ്പം സോഷ്യല്‍ മീഡിയ ചർച്ചയാവുകയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മനു ഭാകർ സ്വീകരിച്ച നിലപാട്. രാജ്യത്ത് ശ്രദ്ധേയമായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം നടന്ന സമയത്ത് താരങ്ങൾക്കൊപ്പം നിന്ന ഒരാളാണ് മനു ഭാകർ. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി ലോക്സഭാംഗവുമായ ബ്രിജ്ഭൂഷൺ ഷരൺ സിങ്ങിനെ ലൈംഗിക പീഡനകേസിൽ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹി തെരുവിൽ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച താരത്തിന് വലിയ പരിഹാസങ്ങളും വിമർശനങ്ങളുമാണ് അന്നുയർന്നിരുന്നത്.

എന്നാൽ 'രാജ്യത്തെ അഭിമാന താരങ്ങൾക്കൊപ്പം' എന്ന നിലപാടിൽ ഉറച്ച് നിന്ന മനു ഭാകർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.' മെഡലുകൾ നേടി നിരവധി തവണ രാജ്യത്തിന് അഭിമാനമുണ്ടാക്കിയ എന്റെ സഹ കായിക താരങ്ങളുടെ അവസ്ഥ കാണുമ്പോൾ വലിയ വിഷമമുണ്ട്. ഇപ്പോൾ നീതി തേടി തെരുവിലേക്കിറങ്ങിയിരിക്കുന്നു. സഹ കായിക താരങ്ങൾക്കൊപ്പം ഞാൻ ശക്തമായി നിലകൊള്ളുകയും അവരുടെ പോരാട്ടത്തിന് പിന്തുണ അറിയിക്കുകയും ചെയ്യുന്നു. അവരുടെ പരാതികളിൽ സർക്കാർ ഉചിതമായ നടപടികൾക്ക് അഭ്യർത്ഥിക്കുന്നു'. നീതിക്കൊപ്പം നിന്നപ്പോള്‍ വ്യക്തി അധിക്ഷേപങ്ങൾ കൊണ്ട് മൂടിയവർക്കുള്ള മറുപടി കൂടിയാണ് താരത്തിന്‍റെ നേട്ടമെന്ന് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.

To advertise here,contact us