ടെന്നിസില്‍ നിന്ന് വിരമിച്ചാല്‍ അന്യഗ്രഹജീവികളെ പോലെ തോന്നും: റോജര്‍ ഫെഡറര്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങളായ യാനിക് സിന്നറിനെയും കാര്‍ലോസ് അല്‍കരാസിനെയും ഫെഡറര്‍ പ്രശംസിച്ചു

ടെന്നിസില്‍ നിന്ന് വിരമിച്ചാല്‍ നിങ്ങള്‍ അന്യഗ്രഹജീവികളെ പോലെ തോന്നിക്കുമെന്ന് ഇതിഹാസ താരം റോജര്‍ ഫെഡറര്‍. ബെര്‍ലിനില്‍ ആരംഭിക്കാനിരിക്കുന്ന ലേവര്‍ കപ്പ് ടൂര്‍ണമെന്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ടൂര്‍ണമെന്റിന്റെ അംബാസിഡര്‍ കൂടിയായ ഫെഡറര്‍. ടെന്നിസില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ഫെഡറര്‍ തുറന്നുപറഞ്ഞു.

'ടൂര്‍ണമെന്റുകളിലേക്ക് വീണ്ടും തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. ടെന്നിസ് വളരെ വേഗത്തില്‍ മതിയാക്കിയതായി എനിക്ക് തോന്നിയിട്ടുണ്ട്. ടെന്നിസ് കളത്തിനരികിലൂടെ നടന്നുപോകുമ്പോള്‍ ഞാന്‍ ഇപ്പോഴും അവിടെതന്നെയുണ്ടെന്ന് തോന്നുന്നു', ഫെഡറര്‍ പറഞ്ഞു.

'ടെന്നിസില്‍ നിന്ന് വിരമിച്ചാല്‍ ഒരു അന്യഗ്രഹ ജീവിയെ പോലെ തോന്നാറുണ്ട്. എന്നാല്‍ എനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. അത് വളരെ നല്ല കാര്യമാണ്', ഫെഡറര്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങളായ യാനിക് സിന്നറിനെയും കാര്‍ലോസ് അല്‍കരാസിനെയും ഫെഡറര്‍ പ്രശംസിച്ചു.

തന്റെ സമകാലികരായ നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവരുടെ പ്രകടനത്തെ കുറിച്ചും ഫെഡറര്‍ സംസാരിച്ചു. 'റാഫയുടെ ഈ വര്‍ഷത്തെ പരിമിതമായ പ്രകടനം കാരണം അദ്ദേഹത്തെ കുറിച്ച് പ്രവചനം നടത്താന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ നൊവാക് ഒളിംപിക്‌സില്‍ വിജയിക്കുകയും ഒരു സീസണ്‍ മുഴുവന്‍ കളിക്കുകയും ചെയ്തു. പരിക്ക് അദ്ദേഹത്തെ തളര്‍ത്തിയില്ല. ജോക്കോവിച്ചിന് മുന്നോട്ടുപോകാന്‍ ഇനിയും അവസരങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നു', ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,contact us