ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല; വിനേഷ് ഫോഗട്ടിനെതിരെ നോട്ടീസയച്ച് നാഡ

ഹരിയാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഗുസ്തി താരമായ വിനേഷ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരവും ഹരിയാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) നോട്ടീസ്. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി ഹാജരാകാത്തതിന് പിന്നാലെയാണ് നടപടി. 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയുടെ രജിസ്‌റ്റേര്‍ഡ് ടെസ്റ്റിങ് പൂളില്‍ (ആര്‍ടിപി) രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കായികതാരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ഹാജരാവുന്ന സമയവും സ്ഥലവും അറിയിക്കണം. ഏജന്‍സിയെ അറിയിച്ചതുപ്രകാരം പരിശോധനയ്ക്ക് എത്തിയില്ലെങ്കില്‍ വേര്‍എബൗട്ട് ഫെയിലിയറായി കണക്കാക്കപ്പെടുകയാണ് ചെയ്യുക. ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വേണ്ടി സെപ്റ്റംബര്‍ ഒന്‍പതിന് തയ്യാറാവുമെന്ന് വിനേഷ് അറിയിച്ചിരുന്നെങ്കിലും അന്നേദിവസം താരം വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നാഡ പ്രസ്താവനയിലൂടെ അറിയിച്ചത്.

നാഡയുടെ ആരോപണം തെറ്റാണെന്ന് വിനേഷിന് ഇനി തെളിയിക്കേണ്ടതുണ്ട്. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറാണെന്ന് ഏജന്‍സിയെ അറിയിച്ച സമയത്ത് താന്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് തെളിയിക്കാത്തപക്ഷം വേര്‍എബൗട്ട് ഫെയിലിയറായി കണക്കാക്കുകയാണ് ചെയ്യുക. 12 മാസത്തിനിടയില്‍ മൂന്ന് തവണ പരിശോധനയ്ക്ക് ഹാജരായില്ലെങ്കില്‍ നാഡയ്ക്ക് താരത്തിനെതിരെ ഇത്തരത്തില്‍ നടപടി സ്വീകരിക്കാം.

പാരിസ് ഒളിംപിക്‌സില്‍ ഗുസ്തി ഫൈനലിലെത്തിയ വിനേഷ് ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. ഒളിംപിക്‌സില്‍ പുറത്തായതിന് പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. സഹതാരം ബജ്‌റംഗ് പുനിയയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷിനെ കോണ്‍ഗ്രസ് ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

To advertise here,contact us