സംസ്ഥാന ജൂനിയര്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; കിരീടം നിലനിർത്തി പാലക്കാട്

ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസമായ ഞായറാഴ്ച ഒരു മീറ്റ് റെക്കോഡ് മാത്രമാണ് പിറന്നത്

68-ാമത് സംസ്ഥാന ജൂനിയര്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിർത്തി പാലക്കാട്. നാല് ദിവസമായി കാലിക്കറ്റ് സര്‍വകലാശാല സിഎച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 340 പോയന്റോടെയാണ് പാലക്കാട് വീണ്ടും കിരീടത്തിൽ മുത്തമിട്ടത്. 20 സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലവുമാണ് പാലക്കാട് നേടിയത്. 11 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി തിരുവനന്തപുരം 258.25 പോയന്റോടെ രണ്ടാം സ്ഥാനത്തെത്തി. 14 സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവുമായി 257 പോയന്റോടെ ആതിഥേയരായ മലപ്പുറം മൂന്നാമതെത്തി.

ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസമായ ഞായറാഴ്ച ഒരു മീറ്റ് റെക്കോഡ് മാത്രമാണ് പിറന്നത്. നാല് ദിവസങ്ങളിലായി നടന്ന മീറ്റില്‍ ആകെ അഞ്ച് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. അണ്ടര്‍ 20 വനിത വിഭാഗത്തില്‍ 79 പോയന്റും അണ്ടര്‍ 18 പുരുഷവിഭാഗത്തില്‍ 53 പോയന്റും അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 41 പോയന്റും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 48 പോയന്റും നേടിയാണ് പാലക്കാട് ഓവറോള്‍ ചാമ്പ്യന്മാരായത്.

Content Highlights: state junior athletic meet

To advertise here,contact us