സംസ്ഥാന കായികമേളയിൽ പറന്നിറങ്ങിയത് ചരിത്രം; 'പതിനഞ്ചാം' ജില്ലയായി പ്രവാസി വിദ്യാർഥി സംഘം

യുഎഇയിൽ കേരള സിലബസ് സ്കൂളുകളെ ഉൾപ്പെടുത്തി ക്ലസ്റ്റർ മത്സരങ്ങൾ നടത്തി അതിൽ നിന്നുള്ള മികച്ച താരങ്ങളെയാണ് ഗെയിംസ് ഇനങ്ങളിൽ ടീമിലുൾപ്പെടുത്തിയത്.

പല രീതിയിലുള്ള തിരുത്തലുകൾക്കും പുതുമകൾക്കും വേദിയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കായിക മേള. രാജ്യത്താദ്യമായി ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന കായിക മേള എന്ന ചരിത്രത്തിനൊപ്പം മറ്റൊരു ചരിത്രം കൂടിയാണ് ഉദ്ഘാടന ദിവസം മാർച്ച് പാസ്റ്റ് വേദിയിൽ കുറിക്കപ്പെട്ടത്. പതിനാല് ജില്ലകൾ അവരുടെ താരങ്ങളും കൊടികളുമായി മാർച്ചിൽ അണിനിരന്നപ്പോൾ ചരിത്രത്തിൽ ആദ്യമായി പതിനഞ്ചാമത് ഒരു സംഘം കൂടി അണിനിരന്നു.

Also Read:

Cricket
വേണമെങ്കിൽ, സെലക്ടർമാർ വിളിച്ചാൽ ഞാൻ ഇന്ത്യയ്ക്കെതിരെ കളിക്കാം; പക്ഷേ, നിർബന്ധിക്കണം!: വാർണർ

യുഎഇയിലും മറ്റുമുള്ള പ്രവാസി വിദ്യാർഥികളാണ് ഇത്തവണ പതിനഞ്ചാം സംഘമായിട്ടുള്ളത്. .ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ‘യുഎഇ റീജൻ’ എന്നെഴുതിയ കൊടിക്ക് പിന്നിൽ ചുവപ്പും വെള്ളയും നിറങ്ങളുള്ള ജഴ്സിയണിഞ്ഞ് പ്രവാസി വിദ്യാർഥികൾ നടന്നു നീങ്ങിയപ്പോൾ മഹാരാജാസ് കോളജ് സ്റ്റേഡിയം മുഴുവൻ ആവേശപൂർവം കയ്യടിച്ചു.

യുഎഇയിലെ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ (നിംസ്), ഷാർജ നിംസ്, ഫുജൈറ ഇന്ത്യൻ സ്കൂൾ, റാസൽഖൈമ ന്യൂ ഇന്ത്യൻ എച്ച്എസ്എസ്, ദുബായ് ഗൾഫ് മോഡൽ സ്കൂൾ, അബുദാബി ദ് മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 50 പ്രവാസി വിദ്യാർഥികളാണ് കായികമേളയിൽ പങ്കെടുക്കുന്നത്. അത്‌ലറ്റിക്സിന് പുറമേ ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ എന്നീ ടീമിനങ്ങളിലുമാണ് പ്രവാസി വിദ്യാർഥികൾ മത്സരിക്കുന്നത്. ദുബായിൽ 10 ദിവസത്തെ പരിശീലന ക്യാംപ് നടത്തി സജ്ജമായാണ് ഇവർ നാട്ടിലെ കളിക്കളത്തിലേക്ക് പറന്നിറങ്ങിയത്.

യുഎഇയിൽ കേരള സിലബസ് സ്കൂളുകളെ ഉൾപ്പെടുത്തി ക്ലസ്റ്റർ മത്സരങ്ങൾ നടത്തി അതിൽ നിന്നുള്ള മികച്ച താരങ്ങളെയാണ് ഗെയിംസ് ഇനങ്ങളിൽ ടീമിലുൾപ്പെടുത്തിയത്. അത്‌ലറ്റിക്സിൽ 100, 200, 800 മീറ്റർ ഓട്ടം, ഷോട്പുട് എന്നീ ഇനങ്ങളിൽ 8 പ്രവാസി കായികതാരങ്ങളാണ് ട്രാക്കിലിറങ്ങുക. ഏറെ നാളായുള്ള പ്രവാസികളുടെ ആഗ്രഹമാണ് കായികമേളയിലെ പങ്കാളിത്തം.

Content Highlights: Pravasi students to participate in Kerala state school sports meet

To advertise here,contact us