മുൻഗാമികളോ പിൻഗാമികളോ ഇല്ല, എതിർപ്പുകളെ ഒരു സെർവിൽ നേരിട്ടവൾ; ടെന്നീസ് ക്വീൻ സാനിയ

ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസയുടെ 38-ാം പിറന്നാൾ ദിനമാണ് ഇന്ന്

ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസയുടെ 38-ാം പിറന്നാൾ ദിനമാണ് ഇന്ന്. 1986 ൽ ഇത് പോലെയൊരു നവംബർ 15 നാണ് സാനിയ മിർസ ജനിച്ചത്. തന്റെ ആറാം വയസ്സിൽ ടെന്നീസ് പരിശീലനം തുടങ്ങി ഇന്ത്യയിൽ ഒരു വനിതാ ടെന്നീസ് താരത്തിനും ഇത് വരെ നേടാൻ കഴിയാത്ത നേട്ടങ്ങൾ എത്തിപിടിച്ചവൾ. ടെന്നീസില്‍ ഇന്ത്യയ്ക്ക് ഒരു വിലാസം ഉണ്ടാക്കിത്തരികയും പറയത്തക്ക വനിതാ ടെന്നീസ് താരങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് രാജ്യത്തിന് നിരവധി അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചതും സാനിയയായിരുന്നു. ഡബിള്‍സില്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും സാനിയക്കായി. 91 ആഴ്ചകൾ ഡബിൾസിൽ ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്നുവെന്ന ചരിത്രനേട്ടവും സാനിയക്ക് സ്വന്തമായിട്ടുണ്ട്.

2003-ല്‍ കരിയര്‍ ആരംഭിച്ച സാനിയ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടി. സ്വിസ് ഇതിഹാസം മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്ന് തവണ വനിതാ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ നേടി. മിക്‌സഡ് ഡബിള്‍സിലായിരുന്നു ബാക്കിയുള്ള കിരീടങ്ങള്‍. മഹേഷ് ഭൂപതിക്കൊപ്പം 2009-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും 2012-ല്‍ ഫ്രഞ്ച് ഓപ്പണും സാനിയ നേടി. ബ്രൂണോ സോറെസിനൊപ്പം ഒരു തവണ യുഎസ് ഓപ്പണും വിജയിച്ചു.

സിംഗിൾസിൽ 27ാം റാങ്ക് വരെയും അവർ എത്തി. ടെന്നീസ് സിംഗിൾസിൽ ഒരു പ്രധാന ടൂർണമെൻറിൻെറ രണ്ടാം റൗണ്ടിലെത്തിയ ആദ്യ ഇന്ത്യൻ താരവും സാനിയ തന്നെയാണ്. ഈ നേട്ടങ്ങളെല്ലാം നേടിയപ്പോഴും കാരിയറവസനം വലിയ വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നു. പാകിസ്താൻ ക്രിക്കറ്റ് താരമായിരുന്ന ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്തതിനെ തുടർന്ന് രാജ്യദ്രോഹിയെന്ന് വരെ മുദ്രകുത്തപെട്ടു. ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കാൻ യോഗ്യയല്ലെന്ന് പല കോണിൽ നിന്നും വിമർശനമുണ്ടായി.രാജ്യത്ത് വസ്ത്ര ധാരണത്തിന്റെ പേരിലും മുസ്‌ലിം മത സംഘടനകളിൽ നിന്ന് എതിർപ്പുകൾ നേരിട്ടു. എന്നാൽ ഇതിനെയെല്ലാം ഒരു ചെറിയ ഒരു സെർവിൽ നേരിട്ട് ഇന്ത്യയുടെ ടെന്നീസ് റാണിയായി. സാനിയ മിർസയ്ക്ക് റിപ്പോർട്ടറിന്റെ 38-ാം പിറന്നാൾ ആശംസകൾ.

Content Highlights: Happy birthday Sania Mirza

To advertise here,contact us