രണ്ട് രാജ്യങ്ങളെ നെഞ്ചോട് ചേർക്കുന്ന താരം; ഹൃദയഭേദകമായ ഷഖിറിയുടെ ഫുട്ബോൾ ജീവിതം

സ്വപ്നം കണ്ടതിലും അധികം ഫുട്ബോൾ അയാൾക്ക് നൽകി

2012-13 സീസൺ. ബയേൺ മ്യൂണികിനൊപ്പം ട്രെബിൾ നേട്ടം സ്വന്തമാക്കിയ ഒരു താരം. 2015ൽ അയാൾക്കായി ലിവർപൂൾ താൽപ്പര്യം പ്രകടിപ്പിച്ചു. എന്നാൽ താരത്തെ വിട്ടുനൽകില്ലെന്ന് ബയേൺ പ്രതികരിച്ചു. പിന്നാലെ താരം ഇന്റർ മിലാനിലേക്ക് പോയി. എന്നാൽ സീസൺ മോശമായിരുന്നു. ഇതോടെ ഇംഗ്ലീഷ് ക്ലബ് സ്റ്റോക്ക് സിറ്റിയിലേക്ക്. അവിടെനിന്നും ലിവർപൂളിലെത്തി. ഇപ്പോൾ മേജർ ലീഗ് സോക്കറിൽ ചിക്കാഗോ എഫ് സിയുടെ ഭാഗമായ താരം. സ്വിറ്റ്സർലൻഡ് ദേശീയ ടീമിലെ ഷെർദാൻ ഷഖിറി.

കാൽപ്പന്തുമായുള്ള യാത്രയിൽ രാജ്യത്തെ പ്രതിനിധീകരിച്ചതിന് മുമ്പ് അയാൾക്ക് ഒരു കാലമുണ്ടായിരുന്നു. ആ കഥ ഹൃദയഭേദകമാണ്. നാലാം വയസിൽ സ്വന്തം രാജ്യം വിട്ട് പോകേണ്ടി വന്ന താരം. കൊസോവ-സെർബിയ യുദ്ധമാണ് കാരണം. അയാളുടെ കുടുംബം 1000 മൈൽ അകലെ സ്വിറ്റ്സർലാൻഡിൽ അഭയം പ്രാപിച്ചു. അവിടെ പന്ത് തട്ടി തുടങ്ങി. പണത്തിനായി ഓഫീസുകളിൽ നിലം തുടയ്ക്കുന്ന ജോലി.

1998ലെ ലോകകപ്പിന്റെ ഫൈനൽ കണ്ട അയാൾ പൊട്ടിക്കരഞ്ഞു. പക്ഷേ ആ കരച്ചിൽ ബ്രസീലിന് വേണ്ടി ആയിരുന്നു. സിനദിൻ സിദാന്റെ ഫ്രാൻസ് ബ്രസീലിനെ തകർത്തെറിഞ്ഞ ഫൈനൽ. റൊണാൾഡോ നസരിയോ നിറം മങ്ങിയ ഫൈനൽ. ബ്രസീലിയൻ ഇതിഹാസത്തിന്റെ ആരാധകനായിരുന്ന ഷഖിറിക്ക് സങ്കടം മറച്ചുവെയ്ക്കാൻ കഴിഞ്ഞില്ല. റൊണാൾഡോയെപ്പോലെ ഒരു ഫുട്ബോൾ താരമാകണം. ആ ആഗ്രഹം ഷാഖിറിയെ മുന്നോട്ട് നയിച്ചു.

'ഇപ്പോള് ഞങ്ങള്ക്ക് സമ്മാനത്തുക നല്കൂ'; ആവശ്യവുമായി 1983ലെ ലോകകപ്പ് ജേതാവ്

സ്വപ്നം കണ്ടതിലും അധികം ഫുട്ബോൾ അയാൾക്ക് നൽകി ബയേണിനും ലിവർപൂളിനും ഒപ്പം ചാമ്പ്യൻസ് ലീഗ് നേട്ടങ്ങൾ. ക്ലബ് ലോകകപ്പ് നേട്ടങ്ങൾ. സ്വിറ്റ്സർലൻഡിലെ തെരുവുകളിൽ പന്ത് തട്ടിതുടങ്ങിയ അയാൾ സ്വന്തമാക്കിയ കിരീടങ്ങൾ ഇനിയുമേറെയുണ്ട്. 2014 ലോകകപ്പ് മുതൽ എല്ലാ പ്രധാന ടൂർണമെന്റുകളിലും സ്വിറ്റ്സർലാൻഡിനായി ഗോൾ നേടിയ താരം. 2018ൽ റഷ്യൻ ലോകകപ്പിൽ സെർബിയയെ തോൽപ്പിച്ചപ്പോൾ അയാൾക്ക് വികാരങ്ങളെ തടഞ്ഞുനിർത്താൻ സാധിച്ചില്ല. ഗോൾ ആഘോഷം വിവാദമായി. ദേശീയ വികാരം ഉണർത്തുന്ന ആഘോഷമെന്നതാണ് വിവാദ കാരണം. നടപടികളിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു. ഓരോ മത്സരത്തിനിറങ്ങുമ്പോഴും അയാളുടെ ബൂട്ടിൽ രണ്ട് രാജ്യങ്ങളുടെ ദേശീയ പതാകയുണ്ടാകും. ഒന്ന് താൻ കളിക്കുന്ന സ്വിറ്റ്സർലൻഡിനായി. മറ്റൊന്ന് സ്വന്തം രാജ്യം കൊസോവയെ ഓർമിക്കാനും. അയാളുടെ പ്രായം 32. ഒരു ലോകകിരീടമോ യൂറോകിരീടമോ അയാൾ അർഹിക്കുന്നുണ്ട്. ആ വിജയത്തിലേക്ക് സ്വിസർലൻഡ് വിങ്ങർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.

To advertise here,contact us