ബാഴ്സയുടെ സ്പാനിഷ് വിങ്ങർ; പെലെയെ മറികടന്ന കൗമാരക്കാരൻ

ചില കാര്യങ്ങളിൽ ഇപ്പോൾ ലയണൽ മെസിയുമായി താരതമ്യം ചെയ്യപ്പെടുന്നു

പതിനേഴ് തികയാത്ത കൗമാരക്കാരന്റെ കാലിൽ വിരിഞ്ഞ കളിയഴക്. ബോക്സിന് വെളിയിൽ നിന്ന് വലയിലേക്ക് മുറിഞ്ഞ് വീണൊരു വാനവിൽ. ഈ ശനിയാഴ്ച യമാലിന് പിറന്നാളാണ്. ഇത് അവൻ സ്വയം ഒരുക്കിയ പിറന്നാൾ സമ്മാനം. സ്വിറ്റ്സർലൻഡ് താരം യൊഹാൻ വോൻലാതന്റെ റെക്കോർഡാണ് സ്പാനിഷ് താരം സ്വന്തം പേരിലേക്ക് മാറ്റി എഴുതിയത്. 2004 യൂറോയിൽ ഗോൾ നേടുമ്പോൾ 18 വയസും 141 ദിവസവും ആയിരുന്നു വോൻലാതന്റെ പ്രായം. ഫ്രാൻസിനെതിരെ ബൂട്ട് കെട്ടിയപ്പോൾ തന്നെ ലമീൻ യമാൽ റെക്കോർഡിട്ടു. ഒരു പ്രധാന ടൂർണമെന്റ് സെമി ഫൈനൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം. മറികടന്നത് സാക്ഷാൽ പെലെയെ. 1958 ലോകകപ്പ് സെമി കളിച്ചപ്പോൾ 17 വയസും 239 ദിവസവുമായിരുന്നു പെലെയുടെ പ്രായം. അന്ന് ഹാട്രിക്കുമായാണ് പെലെ കളി അവസാനിപ്പിച്ചത്. ഈ യൂറോയിൽ അവിസ്മരണീയ പ്രകടനവുമായി തിളങ്ങുന്നു യമാൽ. മൂന്ന് അസിസ്റ്റും ഒരു ഗോളും സ്വന്തം പേരിൽ. എതിരാളികളെ ഭയക്കാതെ അവരിൽ ഭയമുളവാക്കുന്നു.

ബാഴ്സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെ വളർന്നുവന്ന താരം. ചില കാര്യങ്ങളിൽ ഇപ്പോൾ ലയണൽ മെസിയുമായി താരതമ്യം ചെയ്യപ്പെടുന്നു. ഇരുവരും തമ്മിലുള്ള പൂർവകാലം ബന്ധം ചർച്ചയാകുന്നു. പണ്ട്, 16 വർഷങ്ങൾക്ക് മുൻപ് ഇരുവരും തമ്മിൽ കണ്ടു. പക്ഷേ അന്ന് യമാലിന് മെസിയെ അറിയില്ലായിരുന്നു. കാരണം ആ കൂടിക്കാഴ്ചയുടെ സമയത്ത് കുഞ്ഞ് യമാലിന്റെ പ്രായം വെറും അഞ്ച് മാസം. ഇരുപത് വയസുള്ള മെസി, യമാലിനെ കുളിപ്പിക്കുന്നു, താലോലിക്കുന്നു. യമാലിന്റെ പിതാവ് മുനി നസ്രോയി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ചിത്രങ്ങൾ.

അഞ്ച് കോടിയൊന്നും വേണ്ട; ബിസിസിഐയോട് ദ്രാവിഡ്

2007 ഡിസംബറിലെ ചിത്രം. യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിന് വേണ്ടിയുള്ള ഫോട്ടോഷൂട്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുകയായിരുന്നു ലക്ഷ്യം. അന്ന് മെസി താലോലിച്ച കുരുന്ന് വളർന്നു. അവൻ ഇന്ന് ചരിത്രം എഴുതിയവനാണ്. യൂറോകപ്പിന്റെ ഫൈനൽ കളിക്കാൻ ഒരുങ്ങുന്നു. മറുവശത്ത് ലയണൽ മെസി കോപ്പ ഫൈനലും. രണ്ടുപേരും സെമിയിൽ ഗോളുമടിച്ചു. യമാൽ തുടങ്ങിയിട്ടേയുള്ളൂ. കാത്തിരിക്കാം കാൽവിരുതുകൾക്ക്.

To advertise here,contact us