ആ ബന്ധം അവസാനിക്കുന്നു; ഭുവനേശ്വർ കുമാർ ഇനി സൺറൈസേഴ്സിൽ ഇല്ല

സൺറൈസേഴ്സ് ആരാധകർക്ക് ഭുവനേശ്വർ കുമാർ എന്നത് ഒരു വികാരമായിരുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഭുവനേശ്വർ കുമാറുമായുള്ള ബന്ധം അവസാനിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. നീണ്ട 10 വർഷത്തെ ബന്ധമാണ് ഹൈദരാബാദും ഭുവനേശ്വറും തമ്മിൽ ഉണ്ടായിരുന്നത്. ഐപിഎൽ മെ​ഗാലേലത്തിൽ 10.25 കോടി രൂപയ്ക്ക് ഭുവന്വേശർ കുമാറിനെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു സ്വന്തമാക്കി. 5.15 കോടി രൂപ മാത്രം കൈയ്യിലുള്ള സൺറൈസേഴ്സ് താരത്തിനായി ലേലം വിളിച്ചതുപോലുമില്ല. മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജയന്റ്സുമാണ് ഭൂരിഭാ​ഗം സമയവും ഭുവനേശ്വറിനായി രം​ഗത്തുണ്ടായിരുന്നത്.

2009-10 ചാംപ്യൻസ് ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനൊപ്പം ഒരു മത്സരം ഭുവനേശ്വർ കുമാർ കളിച്ചിരുന്നു. 2011ലെ സീസണിന് മുമ്പായുള്ള മെ​ഗാലേലത്തിൽ ഭുവനേശ്വറിനെ പൂനെ വാരിയേഴ്സ് ഇന്ത്യ സ്വന്തമാക്കി. ആദ്യ സീസണിൽ നാല് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. എന്നാൽ 2012ലെ ഐപിഎല്ലിന് മുമ്പായി ഭുവനേശ്വർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. പിന്നാലെ താരത്തിന്റെ ബൗളിങ് മികവ് ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയായി.

ആദ്യ ട്വന്റി 20യിൽ നാല് ഓവറിൽ ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു താരം. ഏകദിന ക്രിക്കറ്റിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഹഫീസിനെ ക്ലീൻ ബൗൾഡാക്കി അയാൾ വരവറിയിച്ചു. ആദ്യ ടെസ്റ്റിൽ തന്നെ ബാറ്റുകൊണ്ടും സംഭാവന നൽകാൻ കഴിയുമെന്ന് തെളിയിച്ചു. ഭാവി ഇന്ത്യൻ ക്രിക്കറ്റിന്റെ പേസർ എന്ന നിലയിൽ ഭുവന്വേശർ കുമാർ പ്രതീക്ഷകൾ ഉണർത്തി.

വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും പന്ത് തിരിക്കാനുള്ള കഴിവ്. സ്പീഡ് ഒരൽപ്പം കുറവാണെങ്കിലും ലൈനും ലെങ്തും കൃത്യമായ പന്തുകൾ. ലോകോത്തര ബാറ്റർമാർ ഭുവനേശ്വർ കുമാറിന്റെ സ്വിങ്ങുകൾക്ക് മുന്നിൽ വിറച്ചു. ഏറെ പ്രതീക്ഷ ഉണർത്തിയ ഉത്തർപ്രദേശുകാരൻ പക്ഷേ ഒരു കാലഘട്ടത്തിനും അപ്പുറം ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നില്ല. സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ അയാളെ പലതവണ ടീമിന് പുറത്താക്കി.

Also Read:

Cricket
വിശ്വസിക്കാമോ? ഐപിഎല്ലിൽ 4,500ലധികം റൺസടിച്ച ആ താരം അൺസോൾഡ് പട്ടികയിൽ!

2023 ജൂലൈയിൽ ഭുവന്വേശർ കുമാർ ഒരു സന്ദേശം നൽകി. തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ നിന്നും ക്രിക്കറ്റർ എന്ന പദം ഒഴിവാക്കി. ഇന്ത്യൻ ക്രിക്കറ്ററല്ല ഇനിമുതൽ ഇന്ത്യൻ മാത്രമെന്നായിരുന്നു ആ സന്ദേശം. അതൊരു നിശബ്ദമായ വിടവാങ്ങലാണെന്ന് ആരാധകർ വിലയിരുത്തി. ഏതൊരു വിക്കറ്റ് തെറുപ്പിക്കുമ്പോഴും ഭുവി അമിതമായി ആവേശം കൊണ്ടിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങിവരവിന് സാധ്യതയില്ല. ആ നിശ്ബദമായ വിടവാങ്ങലിന് കാരണം അതാവും. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് മാത്രമായി ഭുവനേശ്വറിന്റെ കരിയർ ഒതുങ്ങി.

കഴിഞ്ഞ സീസണിൽ അത്രമേൽ മികച്ചതായിരുന്നില്ല ഭുവനേശ്വറിന്റെ ബൗളിങ്. വിക്കറ്റുകൾ നേടുന്നുണ്ടെങ്കിലും റൺസ് ധാരാളമായി വിട്ടുകൊടുത്തു. എങ്കിലും സൺറൈസേഴ്സ് ആരാധകർക്ക് ഭുവനേശ്വർ കുമാർ എന്നത് ഒരു വികാരമായിരുന്നു. 2016ൽ സൺറൈസേഴ്സ് ഐപിഎൽ ചാംപ്യന്മാർ ആയപ്പോഴും 2017ലും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ് ഭുവനേശ്വർ സ്വന്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഭുവനേശ്വർ ഇല്ലാത്ത സൺറൈസേഴ്സ് ആരാധകരുടെ നിരാശ പ്രകടമാണ്. ഭുവനേശ്വർ ഇല്ലാത്ത സൺറൈസേഴ്സിൽ പകരക്കാരന്റെ റോളിലുള്ളത് മുഹമ്മദ് ഷമിയാണ്. എന്നാൽ ആരാധകരുടെ വികാരങ്ങൾക്ക് ഷമിക്ക് പകരക്കാരൻ ആകാൻ കഴിയുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Content Highlights: Sunrisers Hyderabad has been ended a decade long contract with Bhuvneshwar Kumar

To advertise here,contact us